മമ്മൂട്ടിക്ക് ബാവൂട്ടിയും രഞ്ജിത്തും രക്ഷകരാകുന്നു

December 22nd, 2012

തുടര്‍ച്ചയായി പതിനൊന്നു സിനിമകളുടെ പരാജയത്തിനു ശേഷം ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം മമ്മൂട്ടിയ്ക്ക് രക്ഷയാകുന്നു. രഞ്ജിത് തിരക്കഥയെഴുതി നിര്‍മ്മിച്ച ചിത്രം ജി.എസ്.വിജയന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുടുമ്പ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് രഞ്ജിത് ഒരുക്കിയ തിരക്കഥ മനോഹരമാണ്. അസ്ലീലമോ ദ്വയാര്‍ഥപ്രയോഗങ്ങളൊ ഇല്ലത്ത കുടുമ്പ സമേതം കാണാവുന്ന ചിത്രം. സാധാരണക്കാരനായ ബാവൂട്ടിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും പറ്റി ഇതില്‍ അവതരിപ്പിക്കുന്നു. എ.കെ.ലോഹിതദാസിന്റെ രചകളിലെ പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. റിലീസിങ്ങ് കേന്ദ്രങ്ങളില്‍ എല്ലാം വന്‍ ജനക്കൂട്ടമാണ് ബാവൂട്ടിയെ കാണുവാന്‍ എത്തുന്നത്. പ്രാഞ്ചിയേട്ടനും കയ്യൊപ്പുമെല്ലാം മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിന്നും വന്ന നല്ല സൃഷ്ടികളാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാവൂട്ടിയും എത്തിയിരിക്കുന്നത്.

ഇതിനു തൊട്ട് മുമ്പ് ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന മമ്മൂട്ടി ചിത്രം ഒരാഴ്ചപോലും തികയ്ക്കാതെ തീയേറ്ററുകളില്‍ നിന്നും മടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം അവസ്ഥയ്ക്ക് കാരണം മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ കുഴപ്പമല്ല മറിച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നവരുടെ കുഴപ്പമാണെന്ന് പറയാതെ വയ്യ. ഷാജികൈലാസും-രണ്‍ജിപണിക്കരും കൈകോര്‍ത്തപ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ കിങ് എന്ന ചിത്രത്തിലെയും സുരേഷ് ഗോപി നായകനായ കമ്മീഷണറിലേയും നായകര്‍ ഒത്തു ചേര്‍ന്ന കിങ്ങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം റിലീസിങ്ങിനു മുമ്പ് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയതെങ്കിലും ദുര്‍ബലമായ തിര്‍ക്കഥയുടെ ഫലമായി ചിത്രം വന്‍ പരാജയമായിരുന്നു. ഡബിള്‍സ് പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. ഇത്തരത്തില്‍ പതിനൊന്നോളം ചിത്രങ്ങള്‍. ഇവയ്ക്കൊടുവില്‍ വന്ന ബാവൂട്ടിയാകട്ടെ ഇതിനെല്ലാം പ്രാശ്ചിത്തമായി മാറിക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
ആദ്യ ദിവസത്തെ പ്രേക്ഷകരുടെ ആവേശം കണ്ടിട്ട് ഈ ചിത്രം മുമ്പ് വിജയിച്ച മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ബേധിക്കും എന്നാണ് സൂചന.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജി.എസ്.വിജയന് ഒരു തിരിച്ചു വരവിനും ബാവൂട്ടി കാരണക്കാരനായി.

കനിഹ,കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, വിനീത്, സുധീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കാസര്‍ഗോട്ടെയും, മലപ്പുറത്തേയും പ്രാദേശിക ഭാഷയുടെ സൌന്ദര്യവും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. പ്രാഞ്ചിയേട്ടന്റെ തൃശ്ശൂര്‍ ഭാഷയില്‍ നിന്നും മമ്മൂട്ടി അനായാസം മലപ്പുറം ഭാഷയിലേക്ക് ചുവടു മാറുന്നു. കാവ്യാമാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നീലേശ്വരം ഭാഷയാണ് സംസാരിക്കുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാള പ്രേക്ഷകര്‍ അറിഞ്ഞാസ്വദിക്കുന്ന ഒരു മമ്മൂട്ടി ചിത്രമായി ആദ്യ ദിവസം തന്നെ ബാവൂട്ടിയുടെ നാമത്തില്‍ മാറിക്കഴിഞ്ഞു. സാറ്റ്‌ലൈറ്റ് റേറ്റു നോക്കി ചിത്രങ്ങള്‍ പലതും പരാജയമല്ലെന്ന ന്യായം നിരത്തുന്നവര്‍ ഉണ്ടാകാം. എന്നാല്‍ പ്രേക്ഷക സ്വീകാര്യത നല്‍കുന്ന വിജയം ഒരു താരത്തെ സംബന്ധിച്ച് പ്രധാനമാണ്. പതിനൊന്നു പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ ബാവൂട്ടിയും രഞ്ജിത്തും മമ്മൂട്ടിയുടെ രക്ഷകരായി മാറിയെന്ന് ഉറപ്പിച്ച് തന്നെ പറയാം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

ഉമ്മച്ചിക്കുട്ടി തിരിച്ചെത്തി

December 19th, 2012

i-love-me-isha-talwar-epathram

തട്ടത്തിൻ മറയത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഉമ്മച്ചിക്കുട്ടി ഇഷാ തൽവാർ വീണ്ടും മലയാളത്തിലെത്തി. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഐ ലൌ മി ആണ് ഇഷയുടെ രണ്ടാമത്തെ മലയാളം ചിത്രം. അസിഫ് അലിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായകന്മാർ. വൈശാഖ രാജൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സേതുവിന്റെയാണ്. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ദീപൿ ദേവ് സംഗീതം പകർന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആകാശത്തിന്റെ നിറം ഓസ്കര്‍ പുരസ്കാരത്തിന്റെ പട്ടികയില്‍

December 15th, 2012

ഡോ.ബിജു സംവിധാനം ചെയ്ത ‘ആകാശത്തിന്റെ നിറം’ ഓസ്കര്‍ പുരസ്കാരത്തിനുള്ള മത്സര ചിത്രങ്ങളുടെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചു. 282 ചിത്രങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഇന്ദ്രജിത്ത്, അമല പോള്‍, പൃഥ്‌വി രാജ്, നെടുമുടിവേണു, അനൂപ് ചന്ദ്രന്‍ തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ അഭിനയിച്ച ഈ ചിത്രത്തിന് 2011 ലെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം ഡോ.ബിജുവിനും മികച്ച ഛായാഗ്രാഹകനായി എം.ജി രാധാകൃഷ്ണനും, കളര്‍ പ്രോസസിങ്ങിനു ജെമിനിലാബിനും ലഭിച്ചു. ഒരു ദ്വീപില്‍ ജീവിക്കുന്ന കുറച്ച് ആളുകളും അവിടെ എത്തിപ്പെടുന്ന കള്ളന്റേയും കഥയാണ് ആകാശത്തിലെ നിറത്തിലെ പ്രമേയം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബോളീവുഡ് നടി വിദ്യാബാലന്‍ വിവാഹിതയായി

December 15th, 2012

മുംബൈ: പ്രശസ്ത ബോളീവുഡ് താരവും മലയാളിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. ദീര്‍ഘകാലമായി പ്രണയിത്തിലായിരുന്ന യു.ടി.വി മോഷന്‍ പിക്ചേഴ്സ് സി.ഇ.ഒ സിദ്ധാര്‍ഥ് റായ് കപൂറാണ് വരന്‍. മുംബൈയിലെ ബാന്ദ്രയിലെ ക്ഷേത്രത്തില്‍ വച്ച് തമിഴ് ബ്രാഹ്മണ സമ്പ്രദായത്തില്‍ ആയിരുന്നു വിവാഹം. പുലര്‍ച്ചെ നടന്ന വിവാഹചടങ്ങില്‍ വിദ്യയുടെ പിതാവ് ബാലന്‍, അമ്മ സരസ്വതി,സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ തുടങ്ങി ഇരുവരുടേയും വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പഞ്ചാബിയായ സിദ്ധാര്‍‌ഥിന്റെ ആചാരമനുസരിച്ചും വിവാഹം നടക്കും. വിവാഹശേഷം ഇരുവരും ജൂഹു ബീച്ചില്‍ വാങ്ങിയ ആഡംഭര ഫ്ലാറ്റില്‍ ആയിരിക്കും താമസിക്കുക. നോവണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്.

പരിണീത എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വിദ്യ അഭിനയിച്ച നിരവധി ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ചെയ്ത ഡെര്‍ട്ടി പിക്ചര്‍ സിനിമ ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ വിദ്യക്ക് നേടിക്കൊടുത്തു. ഈ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയവും ആയിരുന്നു. പൃഥ്‌വീരാജ് നായകനായ ഉറുമി എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെ മലയാളത്തിലും വിദ്യ തന്റെ സാന്നിധ്യം അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

വിവാഹ ബന്ധം വേര്‍പെടുത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒടുവില്‍ മം‌മ്താ മോഹന്‍ ദാസും

December 13th, 2012

mamta-mohandas-wedding-epathram

ആഘോഷപൂര്‍വ്വം വിവാഹിതരാകുകയും എന്നാല്‍ അധികം താമസിയാതെ തകരുകയും ചെയ്യുന്ന താര ദാമ്പത്യ പട്ടിക നീളുകയാണ്. പ്രശസ്ത നടിയും ഗായികയുമായ മം‌മ്ത മോഹന്‍‌ദാസിന്റേയും പ്രജിത്തിന്റേയും പേരാണ് അതില്‍ ഏറ്റവും ഒടുവില്‍ ഇടം പിടിച്ചിരിക്കുന്നത്. താരപ്പൊലിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പെട്ടെന്നുണ്ടായ ഒരു അടുപ്പമല്ല ഇവരുടേത്. ഇരുവരും ബാല്യകാല സുഹൃത്തുക്കള്‍. കാലങ്ങളായി പരസ്പരം അറിയുന്നവര്‍. എന്നിട്ടും ദാമ്പത്യ ബന്ധം ഒരു വര്‍ഷം പോലും തികക്കുവാന്‍ ഇവര്‍ക്കായില്ല. തങ്ങള്‍ രണ്ടു വ്യത്യസ്ഥ വ്യക്തിത്വങ്ങളാണെന്ന് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് മം‌മ്ത മോഹന്‍‌ദാസ് പറയുന്നത്. വിവാഹ ജീവിതത്തില്‍ സ്നേഹത്തോടൊപ്പം ബഹുമാനത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും അതൊരിക്കലും ഏക പക്ഷീയമാകരുത്. ഇതില്ലെങ്കില്‍ അപകടമാണ്. ഇനിയും ഒരുപാട് കാലം ഇങ്ങനെ യാത്ര ചെയ്യാന്‍ ആകില്ലെന്നും അവര്‍ പറയുന്നു.

മലയാള മാധ്യമങ്ങള്‍ ഏറ്റവും ആഘോഷിച്ച വിവാഹമായിരുന്നു കാവ്യാ മാധവന്റേയും നിഷാലിന്റേയും. എന്നാല്‍ അതിനു മാസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ മലയാള മാധ്യമങ്ങള്‍ അതിനേയും ആഘോഷമാക്കി മാറ്റി. ഇരു കൂട്ടരും നടത്തിയ ആരോപണ പ്രത്യാരോപണങ്ങള്‍ സവിസ്തരം വാര്‍ത്തയായും അഭിമുഖമായും നല്‍കി. ഉര്‍വ്വശി – മനോജ് കെ. ജയന്‍ ദമ്പതികള്‍ വേര്‍ പിരിഞ്ഞപ്പോള്‍ അതും വലിയ വാര്‍ത്തയാ‍യി. മകള്‍ കുഞ്ഞാറ്റയുടെ അവകാശത്തെ കുറിച്ചുള്ള തര്‍ക്കം ഇനിയും കോടതിയില്‍ തീര്‍പ്പായിട്ടില്ല. മകളെ കാണാന്‍ ഉര്‍വ്വശി മദ്യപിച്ച് കോടതിയില്‍ എത്തിയെന്ന ആരോപണം വലിയ വാര്‍ത്തയായി. എന്നാല്‍ അസുഖം മൂലം തനിക്ക് ഡോസ് കൂടിയ ചില മരുന്നുകള്‍ കഴിക്കേണ്ടി വന്നെന്നും അതിന്റെ ക്ഷീണമാണ് ഉണ്ടായിരുന്നതെന്നും ഉര്‍വ്വശി പിന്നീട് വ്യക്തമാക്കി. ഉര്‍വ്വശിയുടെ സഹോദരി കല്പനയും സംവിധായകന്‍ അനിലും തമ്മിലുള്ള ദാമ്പത്യ ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. ഇരുവരും പിരിഞ്ഞു. ജ്യോതിര്‍മയിയും വേര്‍ പിരിഞ്ഞവരുടെ കൂട്ടത്തില്‍ അടുത്ത കാലത്ത് എത്തിയ ഒരാളാണ്. നടന്‍ സായ്കുമാറും ഭാര്യയും തമ്മിലുള്ള വിവാഹ മോചന കേസില്‍ ഭാര്യക്കും മകള്‍ക്കും ചിലവിനു കൊടുക്കുവാന്‍ കോടതി ആവശ്യപ്പെട്ടതും അടുത്ത കാലത്ത് തന്നെ.

വെള്ളിവെളിച്ചത്തിലെ താരങ്ങളുടെ വ്യക്തി ജീവിതം താറുമാറാകുന്നത് ഇന്നിപ്പോള്‍ സാധാരണമായിരിക്കുന്നു. ആഘോഷപൂര്‍വ്വം ഓരോ താര വിവാഹവും നടക്കുമ്പോള്‍ ഇതെത്ര കാലം നിലനില്‍ക്കും എന്ന് ചോദിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

24 of 49« First...1020...232425...3040...Last »

« Previous Page« Previous « മനീഷ കൊയ്‌രാളയുടെ ശസ്ത്രക്രിയ വിജയകരം
Next »Next Page » പാപ്പിലിയോ ബുദ്ധയുടെ പ്രദർശനം തടഞ്ഞു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine