സിനിമാ താരങ്ങള്‍ മാനേജര്‍മാരെ വെക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി അമലപോള്‍. മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിനാണെന്നും അത് അംഗീകരിക്കാത്ത നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹകരിക്കാനാകില്ലെന്നും നടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമാണെന്നും ഇതു സംബന്ധിച്ച് ഒരു വിവാദത്തിനില്ലെന്നും ഒരു സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ അമല വ്യക്തമാക്കിയത്. തമിഴില്‍ ഏറെ തിരക്കുള്ള അമല പോള്‍ മലയാള സിനിമകളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കുകയായിരുന്നു. മോഹന്‍ ലാല്‍ നായകനായ റണ്‍ ബേബി റണ്‍ എന്ന ഓണചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അമല മലയാളത്തില്‍ സജീവമായത്. ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
നടി പത്മപ്രിയയുടെ മാനേജരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് മാനേജര്‍മാര്‍ വേണ്ടെന്ന തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തത്. അമല പോളിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഒരു സംഘം നിര്‍മ്മാതാക്കളും സംവിധായകരും രംഗത്തെത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങളെ എതിര്‍ക്കുവാനാണ് ഭാവമെങ്കില്‍ അമലപോള്‍ എന്ന നടി മലയാള സിനിമയില്‍ ഉണ്ടാകില്ലെന്ന് ഒരു സംവിധായകന്‍ അഭിപ്രായപ്പെട്ടു. അമല പോള്‍ എന്നൊരു താരം മലയാള സിനിമയ്ക്ക് അനിവാര്യമല്ലെന്ന് പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എതിരെ വിവിധ സംഘടനകളുടെ പേരില്‍ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ വിവാദങ്ങള്‍ പതിവായിരിക്കുന്നു. ഒരു ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സുരേഷ് കുമാറിനേയും സുഹൃത്തിനേയും കാണാന്‍ സമയം അനുവദിക്കാത്തതിന്റെ പേരില്‍ നടി നിത്യാ മേനോനു മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനു ശേഷം നിത്യ നായികയായി അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രം വന്‍ വിജയമായിരുന്നു.