ഇന്ത്യന്‍ റുപ്പിക്ക് ശേഷം രഞ്‌ജിത്ത് ഒരുക്കുന്ന ലീല എന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ നായികയാകും എന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മംമ്ത മോഹന്‍ ദാസിനെ ആയിരുന്നു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുവാനായി നിശ്ചയിച്ചിരുന്നത്. വിവാഹത്തെ തുടര്‍ന്ന് ഉടനെ സിനിമയില്‍ അഭിനയിക്കണ്ട എന്ന് മംമ്ത തീരുമാനിക്കുകയായിരുന്നു. ആര്‍. ഉണ്ണി എഴുതിയ ‘ലീല’ എന്ന ചെറുകഥയാണ് രഞ്‌ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിചിത്രമായ ലൈംഗിക വിചാരങ്ങള്‍ ഉള്ള കുട്ടിയപ്പന്‍ ആണ് കേന്ദ്ര കഥാപാത്രം. ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചാരിനിര്‍ത്തി പെണ്‍കുട്ടിയുമായി രതിയില്‍ ഏര്‍പ്പെടുക എന്ന കുട്ടിയപ്പന്റെ ആഗ്രഹവും അത് പൂര്‍ത്തിയാക്കുവാനുള്ള അയാളുടെ യാത്രയുമാണ് ‘ലീല’യുടെ കഥാ തന്തു. ആന ഒരു പ്രധാന കഥാപാത്രാണ് ഈ ചിത്രത്തില്‍. ക്ലൈമാക്സില്‍ കുട്ടിയപ്പനും ലീലയും നഗ്നരായി ആനയുടെ തുമ്പിക്കയ്യിനിടയില്‍ നില്‍ക്കുന്നത് തന്നെ ആയിരിക്കും സംവിധായകനെ സംബന്ധിച്ച് പ്രധാന വെല്ലുവിളി.
എത്സമ്മ എന്ന പെണ്‍കുട്ടി എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ആന്‍ അഗസ്റ്റിന്‍ പിന്നീട് പൃഥ്വിരാജിനൊപ്പം അര്‍ജ്ജുനന്‍ സാക്ഷി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ലീലയിലേത് ഏറേ അഭിനയ സാധ്യത ഉള്ള കഥാപാത്രമാണ്. കുട്ടിയപ്പനായി അഭിനയിക്കുന്നത് രഞ്‌ജിത്തിന്റെ ശിഷ്യനും ഉറുമി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ്. തിലകന്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കും. കാപിറ്റോള്‍ തിയേറ്റര്‍ നിര്‍മ്മിക്കന്ന ‘ലീല’ യുടെ ഛായാഗ്രാഹകന്‍ വേണുവാണ്. കോട്ടയം, എറണാകുളം, വയനാട് എന്നിവടങ്ങളില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണം. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിശ്ചയിച്ചിരിക്കുന്നത്.