ദുബായ്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടി.വി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസ് നായകനാകുന്ന സിനിമയാണ് ഈ വെള്ളി വെളിച്ചത്തില്‍. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇനിയയാണ് നായിക. ബഹ്‌റൈനിലെ പ്രശസ്ത നാടക പ്രവര്‍ത്തക ദമ്പതികളായ ജയാമേനോനും പ്രകാശ് വടകരയും ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നുണ്ട്.
മസ്കറ്റിലെ പ്രവാസികളുടെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. ഒമാനിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അവിടെ ഒരു ബ്രിട്ടീഷ് കമ്പനിയിലെ ജോലിക്കാരനായാണ് ബ്രിട്ടാസ് വേഷമിടുന്നത്. ഇനിയ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു നര്‍ത്തകിയുടേതാണ്. ടിനി ടോം, ശ്രീജിത്ത് രവി, സുരാജ് വെഞ്ഞാറമ്മൂട്, ലാലു അലക്സ്, ഗീതാ പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സി.വി. ബാലകൃഷ്ണന്റെ സുല്‍ത്താന്‍ വീട് എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേ വരികള്‍ക്ക് മകന്‍ ദീപാങ്കുരന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. രമേശ് നമ്പ്യാരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.