അബുദാബി : ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിൽ ഒന്നായ ഗുജറാത്തിലെ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വി. പി. എസ്. സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ ആറ് കോടി രൂപയുടെ സാമ്പത്തിക സഹായം കൈമാറി.
അഹമ്മദാബാദ് ബി. ജെ. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാര വാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം നൽകിയത്.
എയർ ഇന്ത്യ ദുരന്തം ആഘാതം ഏല്പിച്ചവർക്ക് ലഭിക്കുന്ന ആദ്യ സാമ്പത്തിക സഹായമാണ് ഡോ. ഷംഷീറിന്റേത്. ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നുള്ള ഒന്നാം വർഷ എം. ബി. ബി. എസ്. വിദ്യാർത്ഥിയായിരുന്ന ആര്യൻ രജ്പുത്, രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ നിന്നുള്ള മാനവ് ഭാദു, ബാർമറിൽ നിന്നുള്ള ജയ പ്രകാശ് ചൗധരി, ഗുജറാത്തിലെ ഭാവ് നഗറിൽ നിന്നുള്ള രാകേഷ് ഗോബർ ഭായ് ദിയോറ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്.
അപകടത്തിൽ ഉറ്റവരെ നഷ്ടമായ ഡോക്ടർമാർക്കും സഹായം നൽകി. മരിച്ച ഓരോ ബന്ധുവിനും 25 ലക്ഷം രൂപ വീതമാണ് നൽകിയത്.
പൊള്ളൽ, ഒടിവ്, ആന്തരിക ആഘാതം എന്നിവ മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്ന 14 പേർക്ക് 3.5 ലക്ഷം രൂപയുടെ സഹായവും നൽകി.
ഡീനുമായുള്ള കൂടിയാലോചനക്ക് ശേഷം ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നിർദ്ദേശിച്ചവർക്കാണ് സഹായം കൈമാറിയത്.
‘ഈ ദുരന്തത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. മെഡിക്കൽ സമൂഹം മുഴുവനായും നിങ്ങളോടൊപ്പമുണ്ട്’ കുടുംബ ങ്ങൾക്ക് കൈമാറിയ കത്തിൽ ഡോ. ഷംഷീർ ഉറപ്പ് നൽകി.
ഇത്തരം വേളകളിൽ വൈദ്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കും എന്നതിന്റെ ഓർമ്മ പ്പെടുത്തലാണ് ഈ ഐക്യ ദാർഢ്യം എന്ന് ഡോ. മീനാക്ഷി പരീഖും ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷനും പറഞ്ഞു.
2025 ജൂൺ 12-നാണ് ബി.ജെ. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഇടിച്ചിറങ്ങിയത്.
ദുരന്തത്തിന് ശേഷം അടച്ച കോളേജിലെ അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ച ഉടനെ തന്നെ സഹായം നൽകണം എന്നുള്ള ഡോ. ഷംഷീറിന്റെ നിർദ്ദേശ പ്രകാരമാണ് വി. പി. എസ്. ഹെൽത്ത് സംഘം അഹമ്മദാബാദിൽ എത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-india, expat, nri, social-media, vps, ആരോഗ്യം, ജീവകാരുണ്യം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വിമാനം, സാമ്പത്തികം