മുംബൈ : 63 കാരിയായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 37 വര്‍ഷമായി ജീവച്ഛവമായി ആശുപത്രിയില്‍ കഴിയുകയാണ്. കിംഗ് എഡ്വാര്‍ഡ് സ്മാരക ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യവേ ആശുപത്രിയിലെ തൂപ്പുകാരന് ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്നാണ് അരുണ അബോധാവസ്ഥയില്‍ ആയത്. എന്നാല്‍ ഈ കാര്യം ആശുപത്രി അധികൃതര്‍ മൂടി വെക്കുകയായിരുന്നു. മോഷണ ശ്രമത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു എന്നായിരുന്നു പോലീസ് കേസ്. ഒരു ഡോക്ടറുമായി നിശ്ചയിച്ചിരുന്ന അരുണയുടെ വിവാഹത്തിന് തടസം വരാതിരിക്കാനാണ് ബലാല്‍സംഗം ആശുപത്രി അധികൃതര്‍ മറച്ചു വെച്ചത് എന്നായിരുന്നു വിശദീകരണം.
ആക്രമണത്തില്‍ മഷ്തിഷ്കം ഭാഗികമായി നശിക്കുകയും ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഉണ്ടായി. നട്ടെല്ലിനും ക്ഷതമേറ്റ അരുണ പിന്നീട് ഇത്രയും നാള് ജീവച്ഛവമായി ആശുപത്രി ജീവനക്കാരുടെ പരിചരണത്തില്‍ കഴിയുകയാണ്.
ഈ അവസ്ഥയിലാണ് എഴുത്തുകാരി പിങ്കി വിരാണി ഇവരെ മരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഒരു സുഹൃത്ത് എന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിച്ചത്. വേദനാ ജനകമായ ഒരു അവസ്ഥയില്‍ നിന്നും ഇവരെ മോചിപ്പിക്കുവാന്‍ ദയാ വധം അനുവദിക്കണം എന്നായിരുന്നു ഹരജി.
എന്നാല്‍ ഒരു പാട് നിയമ ധാര്‍മ്മിക സമസ്യകളാണ് കോടതിക്ക് മുന്പില് ഉയര്‍ന്നു വന്നത്.
ജീവിതത്തിന്റെ വിശേഷണം എന്താണ് എന്ന ചോദ്യമാണ് തങ്ങള്‍ കോടതി സമക്ഷം ഉന്നയിക്കുന്നത് എന്ന് പിങ്കിയുടെ അഭിഭാഷക അറിയിച്ചു. ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ കഴിഞ്ഞ 37 വര്‍ഷം ജീവിക്കുന്നത് മാന്യമായി ജീവിക്കാനുള്ള അവകാശമായി കാണാന്‍ ആവുമോ എന്നതാണ് ഇവിടത്തെ പ്രശ്നം.
എന്നാല്‍ അരുണയ്ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ തന്റെ ജീവിതം തുടരാനുള്ള അവകാശമുണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇത് നിഷേധിക്കുന്നത് ക്രൂരവും മനുഷ്യത്വ രഹിത നടപടിയും ആണ് എന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ ബോധിപ്പിച്ചു.
അരുണയുടെ അവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഒരു വിദഗ്ദ്ധ വൈദ്യ സംഘത്തെ കഴിഞ്ഞ മാസം നിയോഗിച്ചിരുന്നു. അരുണയുടെ അവസ്ഥ ലോകത്തില്‍ തന്നെ അപൂര്‍വമായതാണ് എന്നാണ് സംഘം വിലയിരുത്തിയത്. ഈ ഒരു അവസ്ഥയില്‍ ഏറ്റവും അധികം നാള് ജീവിച്ചിരുന്ന വ്യക്തി ഇവരാവാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തീര്‍ച്ചയായും ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അരുണയെ ഇത്രയും നാള് പരിചരിച്ച ആശുപത്രി ഇനിയും അത് എത്ര കാലം വരെയും തുടരാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 37 വര്‍ഷമായി അരുണയെ പരിചരിക്കുന്ന ആശുപത്രിയിലെ ജീവനക്കാരെക്കാള്‍ ഈ കാര്യത്തില്‍ ആശങ്കപ്പെടാന്‍ പരാതിക്കാരിക്കുള്ള അവകാശത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ രംഗത്ത് ധാര്‍മ്മിക മൂല്യങ്ങള്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞ കോടതി ദയാ വധം പോലുള്ള കാര്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. ഒരാളെ വക വരുത്താന്‍ അയാളുടെ ബന്ധുക്കളും ധന മോഹിയായ ഒരു ഡോക്ടറും വിചാരിച്ചാല്‍ സാദ്ധ്യമാവുന്ന ദുരവസ്ഥ സംജാതമാവും എന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും എന്ന് പ്രതീക്ഷിക്കുന്നു.