അഹമ്മദാബാദ് : പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് സെക്രട്ടറിയുമായ ടീസ്റ്റ സെതല്‍വാദിന് എതിരെ പോലീസ് പുറപ്പെടുവിച്ച സമന്‍സ് ഗുജറാത്ത് ഹൈക്കോടതി തള്ളി. 2006ല്‍ ലുണവാഡയില്‍ ഗുജറാത്ത് കലാപ ഇരകളായ 28 പേരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ കൂട്ടമായി മറവ് ചെയ്ത സ്ഥലം ചിലര്‍ ചേര്‍ന്ന് കുഴിച്ചെടുത്തത് സംബന്ധിച്ച കേസിലായിരുന്നു ടീസ്റ്റയ്ക്കെതിരെ പോലീസ് സമന്‍സ് അയച്ചത്. എന്നാല്‍ പോലീസ് അന്വേഷണവുമായി തന്റെ കക്ഷി പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട് എന്നും അതിനാല്‍ പ്രതിയെ കാണാനില്ല എന്നുള്ള വാദം തെറ്റാണ് എന്നും ടീസ്റ്റയുടെ അഭിഭാഷക കോടതിയെ ബോധിപ്പിച്ചിരുന്നു. തന്റെ കക്ഷി സംഭവ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിക്കുകയും ടീസ്റ്റയ്ക്കെതിരെയുള്ള പോലീസ് സമന്‍സ് റദ്ദ് ചെയ്യുകയും ആയിരുന്നു.