ബ്ലൂവെയില്‍ ഗെയിമിന് തമിഴ് നാടില്‍ ആദ്യത്തെ ഇര. 19 കാരനായ ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് നിരവധി യുവാക്കളുടെ മരണത്തിന് ഉത്തരവാദിയായ ഈ കളിയുടെ തമിഴ് നാട്ടില്‍ നിന്നുള്ള ആദ്യ ഇരയായത്. വീട്ടില്‍ മാതാ പിതാക്കള്‍ ഇല്ലാത്ത നേരം നോക്കി യുവാവ് തൂങ്ങി മരിക്കുകയായിരുന്നു.
കളിയുടെ വിവിധ ഘട്ടങ്ങളില്‍ കളി നിയന്ത്രിക്കുന്ന ആള്‍ നല്‍കുന്ന പല വിധ വെല്ലുവിളികള്‍ നടപ്പിലാക്കി മുന്നേറുക എന്നതാണ് ഈ കളിയുടെ രീതി. ഇതിനിടയില്‍ കളിക്കുന്ന ആളിന്റെ സ്വകാര്യ വിവരങ്ങളും മറ്റും കൈക്കലാക്കി ഇതിലൂടെ കളിക്കാരനെ തങ്ങളുടെ വരുതിയില്‍ ആക്കുകയും ചെയ്യും. ഭീഷണിയും മാനസികമായ സമ്മര്‍ദ്ദവും എല്ലാം ഉപയോഗിച്ച് കളിക്കുന്നയാളെ തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ആക്കുന്നതോടെ കളിയുടെ അവസാന ഘട്ടത്തില്‍ എത്തുകയും അന്തിമ വെല്ലുവിളിയായി ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് ഈ കളിയുടെ മാരകമായ പ്രത്യേകത.
തങ്ങളുടെ മക്കളെ ഈ കളിയില്‍ നിന്നും രക്ഷിക്കണം എന്ന ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിട്ടാണ് 19കാരന്‍ ആത്മഹത്യ ചെയ്തത്.
മരിച്ച യുവാവ് തന്റെ കൈയ്യില്‍ ബോള്‍ പേന കൊണ്ട് തിമിംഗലത്തിന്റെ ചിത്രം വരച്ചു വെച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ ഒരു പതിനഞ്ചുകാരന്‍ ബ്ലേഡ് കൊണ്ട് സ്വയം അപായപ്പേടുത്തിയതും ബ്ലൂവെയില്‍ ചാലഞ്ച് കളിച്ചിട്ടാണ് എന്ന് പോലീസ് അറിയിച്ചു.