ന്യൂഡൽഹി : നിലവിലെ രണ്ടായിരം രൂപാ നോട്ടുകള്‍ പിന്‍ വലിക്കുവാന്‍ ആര്‍. ബി. ഐ. (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ) തീരുമാനിച്ചു. പൊതു ജനങ്ങളുടെ കൈ വശം ഉള്ള 2,000 രൂപാ നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30 വരെ ഉപയോഗി ക്കുവാന്‍ തടസ്സം ഇല്ല എന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരം രൂപാ നോട്ടുകളുടെ നിയമ പ്രാബല്യം തുടരും.
ഈ നോട്ടുകൾ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണം എന്ന് ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നിര്‍ദ്ദേശം നല്‍കി എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 2018 ന് ശേഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്.
2023 സെപ്റ്റംബര്‍ 30 വരെ 2,000 രൂപാ നോട്ടുകള്‍ നിക്ഷേപിക്കുവാനും മാറ്റി എടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും. രണ്ടായിരത്തിന്‍റെ 10 നോട്ടുകള്‍ (20,000) മാത്രമാണ് ഒരേ സമയം ഒരു ബാങ്കിൽ നിന്നും മാറ്റി വാങ്ങാൻ സാധിക്കുക.
നിലവിലുള്ള 2,000 രൂപാ നോട്ടുകള്‍ പ്രാബല്ല്യത്തില്‍ വന്നത് 2016 നവംബറില്‍ ആയിരുന്നു. കള്ളപ്പണം, തീവ്രവാദ ധന സഹായം, നികുതി വെട്ടിപ്പ് എന്നിവ തടയുവാന്‍ എന്ന പേരില്‍ രാജ്യത്ത് നിയമ സാധുത യുള്ള 500 രൂപ,1000 രൂപ നോട്ടുകൾ 2016 നവംബർ 8 ന് പെട്ടെന്നു നിരോധിച്ചു.
തുടര്‍ന്ന്, വിവിധ പ്രത്യേകതകള്‍ ഉണ്ട് എന്നു അവകാശപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ 500 രൂപാ നോട്ടു കളും 2,000 രൂപ നോട്ടുകളും ഇറക്കുകയും ചെയ്തു. ഈ രണ്ടായിരം രൂപാ നോട്ട് ആണിപ്പോള്‍ നിര്‍ത്തലാക്കാന്‍ പോകുന്നത്.