കൊച്ചി: തൊഴില്‍ പീഡനത്തിനെതിരെയും ശമ്പള വര്‍ധന ആവശ്യപ്പെട്ടും കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ നടത്തിവരുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്. സമരത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം സ്തംഭിച്ചിരിക്കയാണ്. ഇന്നലെയാണ് ആശുപത്രിയില്‍ നഴ്സുമാര്‍ സമരം തുടങ്ങിയത്. സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി ചര്‍ച്ചക്കെത്തിയ സംഘടനാ ഭാരവാഹികളെ ഇന്നലെ ആശുപത്രിയില്‍ വെച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ കുത്തിയിരിക്കുകയാണ്. മറ്റ് ആശുപത്രികളില്‍ നിന്നും നഴ്സുമാര്‍ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.
നഴ്സുമാരെ ദ്രോഹിക്കുന്ന ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, അടിസ്ഥാന ശമ്പളം 4,000 രൂപയില്‍ നിന്നും 12,000 രൂപയാക്കി ഉയര്‍ത്തുക, മരവിപ്പിച്ച മെയില്‍ നഴ്സ് നിയമനം പുനസ്ഥാപിക്കുക, രോഗി നഴ്സ് അനുപാതം ഐസിയുവില്‍ 1:1 എന്ന നിലയിലും വാര്‍ഡുകളിലും മറ്റും 1:5 എന്ന നിലയിലും ആക്കുക തുടങ്ങിയവയാണ് നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുനല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളുവെന്നാണ് നഴ്സുമാരുടെ നിലപാട്