നിലമ്പൂര്‍: പോത്തിനെ കണ്ട് വിരണ്ടോടിയ ആന കാടു കയറി. രണ്ടു ദിവസമായി കാട്ടില്‍ കഴിയുന്ന കാളിദാസന്‍ എന്ന കൊമ്പനായുള്ള തിരച്ചില്‍ തുടരുകയാണ്. നിലമ്പൂര്‍ വൈലാശ്ശേരി കുറത്തിക്കാട്ട് കാളിമുത്തപ്പന്‍ കാവിലെ കൊമ്പനാണ് കാളിദാസന്‍. ബുധനാഴ്ച ഉച്ചക്ക് ക്ഷേത്രത്തിനു സമീപമുള്ള പുഴയില്‍ കുളിപ്പിക്കുന്ന തിനിടെയാണ് കാളിദാസന്‍ വിരണ്ടത്. ആ സമയത്ത് പുഴയിലുണ്ടായിരുന്ന പോത്തുകളുടെ സാന്നിധ്യം ആനയെ അസ്വസ്ഥനാക്കി. തുടര്‍ന്ന് കാട്ടില്‍ കയറിയ ആനയെ തിരികെ കൊണ്ടു വരുവാന്‍ പാപ്പാന്മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആന വഴങ്ങിയില്ല. രാത്രി ആന വനത്തില്‍ ലക്ഷ്യമില്ലാതെ നടക്കുകയായിരുന്നു. ഇതിനിടയില്‍ വനത്തിനു സമീപത്തു കൂടെ റബ്ബര്‍ ടാപ്പിങ്ങിനു പോകുകയായിരുന്ന ദമ്പതികള്‍ ആനയെ കണ്ട് പേടിച്ചോടിയതിനെ തുടര്‍ന്ന് പരിക്കു പറ്റിയിരുന്നു.
വ്യാഴാഴ്ച രാവിലെ ഇതേ ക്ഷേത്രത്തിലെ അര്‍ജ്ജുന്‍ എന്ന ആനയെ കൊണ്ടു വന്ന് കാളിദാസനെ തിരികെ കൊണ്ടു വരുവാനായി ശ്രമിച്ചെങ്കിലും ആന ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി. ആനയുടെ കാലിലിലെ ചങ്ങലയുടെ പാടുകള്‍ നോക്കിയാണ് തിരച്ചില്‍ തുടരുന്നത്. കാഞ്ഞിരപ്പുഴയുടെ തീരത്ത് ആനയുണ്ടെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകുന്നേരത്തൊടെ ഡി. എഫ്. ഒ. യുടെ നിര്‍ദ്ദേശപ്രകാരം മയക്കു വെടി വിദഗ്ദ്ധര്‍ എത്തിയെങ്കിലും അനുകൂല സാഹചര്യം അല്ലാത്തതിനാല്‍ ശ്രമം താല്‍ക്കാലികമായി ഉപേക്ഷിച്ചു. രാത്രിയില്‍ ആനയെ മയക്കു വെടി വെയ്ക്കുന്നതിന് പരിമിതികള്‍ ഏറെയാണ്.