മാവേലിക്കര : കോളിളക്കം സൃഷ്‌ടിച്ച ചെറിയനാട് തുരുത്തി മേല്‍ ഭാസ്‌കര കാരണവര്‍ വധ ക്കേസില്‍, കാരണവരുടെ പുത്ര ഭാര്യ ഷെറിന്‍ ഉള്‍പ്പെടെ നാലു പ്രതികളും കുറ്റക്കാരാണെന്നു മാവേലിക്കര അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതി കണ്ടെത്തി. ശിക്ഷ നാളെ ( ജൂണ്‍ 11 ) വിധിക്കും.
യഥാക്രമം ഒന്നു മുതല്‍ നാലു വരെ പ്രതികളായ കൊല്ലം പത്തനാപുരം പാതിരക്കല്‍ മുറിയില്‍ ഷിജു ഭവനത്തില്‍ ഷെറിന്‍ കാരണവര്‍ (26), കോട്ടയം കുറിച്ചി സചിവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബാസിത് അലി എന്ന ബിബീഷ് ബാബു (27), എറണാകുളം ഉദ്യോഗ മണ്ഡല്‍ കുറ്റിക്കാട്ടുകര പുതിയ റോഡ് ജംഗ്‌ഷനു സമീപം നിധിന്‍ നിലയത്തില്‍ നിധിന്‍ (ഉണ്ണി-27), എറണാകുളം കടുങ്ങല്ലൂര്‍ കുറ്റിക്കാട്ടുകര പാതാളം മുറിയില്‍ പാലത്തിങ്കല്‍ വീട്ടില്‍ ഷാനു റഷീദ് (23) എന്നിവരെയാണ് ഐ.പി.സി. 302, 394, 449, 114, 120 (ബി), 201 വകുപ്പുപ്രകാരം കുറ്റക്കാരെന്ന് അതി വേഗ കോടതി ജഡ്‌ജി എന്‍. അനില്‍കുമാര്‍ കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന, കവര്‍ച്ച, പ്രേരണ, തെളിവ് നശിപ്പിക്കല്‍, പൊതു ഉദ്ദേശ്യത്തോടെ യുള്ള കുറ്റകൃത്യം എന്നിവയാണ് നാലു പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ള കുറ്റപത്രം. രണ്ടുമുതല്‍ നാലുവരെ പ്രതികള്‍ക്കെതിരെ അതിക്രമിച്ചു കടന്നുള്ള കുറ്റകൃത്യം കൂടി ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങളത്രയും തെളിഞ്ഞ തായിട്ടാണ് കോടതിയുടെ നിരീക്ഷണം.
വിധിനിര്‍ണയത്തില്‍ 37 സാഹചര്യത്തെളിവുകളെ ആശ്രയിച്ചതായി ജഡ്ജി വിശദീകരിച്ചു. വിധി പ്രഖ്യാപനത്തിനു ശേഷം പ്രതികളുടെ പ്രതികരണവും രേഖപ്പെടുത്തി.
കൊലപാതകം നടന്ന് ഏഴു മാസം പൂര്‍ത്തിയാകുന്ന ദിവസമാണു കോടതി വിധി. 2009 നവംബര്‍ എട്ടിനു രാവിലെ യാണു ഭാസ്‌കര കാരണവരെ കിടപ്പു മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.