കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പിളര്‍ന്നു. ഇന്ന് കോട്ടയത്തു നടന്ന വിമത വിഭാഗം ജോസഫിനെ പുറത്താക്കുകയും പുതിയ ചെയര്‍മാനായി പി. സി. തോമസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കെ സുരേന്ദ്രന്‍ പിള്ള എം. എല്‍. എ. അടക്കം ഒരു വിഭാഗം പ്രവര്‍ത്തകരാണ് പി. സി. തോമസിന്റെ നേതൃത്വത്തില്‍ എല്‍. ഡി. എഫില്‍ ഉറച്ചു നില്‍ക്കുവാന്‍ തീരുമാനിച്ചത്. ജോസഫ് പാര്‍ട്ടി വഞ്ചിച്ചെന്നും അധികാരം മോഹിച്ചാണ് ജോസഫ് മാണിയോടൊപ്പം ചേര്‍ന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം പിളരും എന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇന്നലെ പി. സി. തോമസ് ഇടതു നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയില്‍ ജോസഫ് മാണി ഗ്രൂപ്പില്‍ ലയിച്ച് യു. ഡി. എഫിന്റെ ഭാഗമാകുന്നതില്‍ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും ഒരു വിഭാഗം നേതാക്കന്മാരില്‍ നിന്നും ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്.