കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നൽകിയ നിർദ്ദേശം.