തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിച്ചതിനു സി.പി.എം നേതാവ് എം.എം. ലോറന്‍സിനെ പരസ്യമായി ശാസിക്കുവാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുന്ന തരത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ശരിയല്ലെന്ന് സമിതി വിലയിരുത്തി. ലോറന്‍സിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി തള്ളിക്കളഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്തനെ മാധ്യമങ്ങള്‍ വഴി എം.എം.ലോറന്‍സ് നിരന്തരമായി വിമര്‍ശിക്കാറുണ്ടെങ്കിലും അതിന്റെ പേരില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അടുത്തിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനു വിഭാഗീയതയില്‍ പങ്കുണ്ടായിരുന്നതായി ലോറന്‍സ് ആരോപിച്ചിരുന്നു. പാലക്കാട് സമ്മേളനത്തില്‍ വി.എസിന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു വിഭാഗത്തെ വെട്ടിനിരത്തിയെന്നും താനും കെ.എന്‍.രവീന്ദ്രനാഥും വി.ബി.ചെറിയാനും അതിന്റെ ഇരകളായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. വിജയനൊപ്പം എം.എ.ബേബി കോടിയേരി തുടങ്ങിയവരും സജീവമായിരുന്നു ഇവര്‍ പിന്നീട് തെറ്റു തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടി നേതൃത്വം ഗൌരമായി എടുത്തതാണ് ലോറന്‍സിനെതിരെ അച്ചടക്ക നടപടി വരാന്‍ കാരണം.
യു.ഡി.എഫുമായി പിണങ്ങി നില്‍ക്കുന്ന കെ.ആര്‍. ഗൌരിയമ്മയെ എല്‍.ഡി.എഫിലേക്ക് തിരികെ കൊണ്ടു വരുവാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഈ സമയത്താണ് ഗൌരിയമ്മ അഴിമതി നടത്തിയതായി എം.എം. ലോറന്‍സിന്റെ പരസ്യ പ്രസ്ഥാവന വന്നത്. ഇതും പാര്‍ട്ടി ഗൌരവമായി കണ്ടു.
പാര്‍ട്ടി തീരുമാനം താന്‍ അംഗീകരിക്കുന്നതായും കൂടുതല്‍ ഒന്നും പറയുവാന്‍ ഇല്ലെന്നുമാണ് അച്ചടക്ക നടപടിയെ പറ്റി ലോറന്‍സ് പ്രതികരിച്ചത്.