ഇടുക്കി: രാഷ്‌ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ സി. പി. എം. ജില്ലാ സെക്രട്ടറി എം. എം. മണിക്കെതിരേ പോലീസ് ജാമ്യമില്ലാവകുപ്പു പ്രകാരം കൊലക്കുറ്റത്തിനു കേസെടുത്തു. ഐ. പി. സി. 302, 109, 118 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ഇതോടെ ഉടന്‍ തന്നെ അറസ്റ്റിനുള്ള സാധ്യതയും ഉണ്ട്. അറസ്റ്റ് മുന്നില്‍ കണ്ടു ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധത്തിന് ഒരുങ്ങിയിട്ടുണ്ട്. ഇന്നലെ ഉണ്ടായ പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധവും അതിന്റെ തെളിവാണ് . തൊടുപുഴയില്‍ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം ഉണ്ടായി. എന്നാല്‍ പാര്‍ട്ടി മണിയെ സംരക്ഷിക്കുന്നതില്‍ നിന്നും വഴിമാറുന്നു എന്ന സൂചനയാണ് യച്ചൂരിയുടെ പ്രസ്താവന തെളിയിക്കുന്നത്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എത്തിയാല്‍ മണിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് കരുതുന്നത്.