ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ആണ് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ഹേമചന്ദ്രന്‍ ജോപ്പനെ അറസ്റ്റ് ചെയ്തത്. കോന്നിയിലെ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരില്‍ നിന്നും സരിതയുമായി ചേര്‍ന്ന് 40 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 420,34 തുടങ്ങിയ വകുപ്പുകളാണ് ജോപ്പനെതിരെ ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കാമെന്ന് പറഞ്ഞ് ശ്രീധരന്‍ നായരെ സരിത ജോപ്പനുമായി ബന്ധപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ശ്രീധരന്‍ നായര്‍ 40 ലക്ഷം രൂപ കൈമാറിയതെന്ന് പറയപ്പെടുന്നു.
സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ജുക്കു മോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിം രാജ് എന്നിവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സലിം രാജിനെ സസ്പെന്റ് ചെയ്തു. ജിക്കു മോന്‍ രാജിവെക്കുകയും ചെയ്തിരുന്നു.