കോഴിക്കോട്: ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടറും അമേരിക്കന്‍ പൌരനുമായ വില്യം സ്കോട്ട് പിന്‍ക്നി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ കേരളത്തില്‍ മണിചെയ്യിന്‍ തട്ടിപ്പു നടത്തിയ കേസിലാണ് പിന്‍ക്നിയേയും ഡയറക്ടര്‍മാരായ അന്‍ഷു ബുദ്ധ് രാജ്, സഞ്ജയ് മല്‍ഹോത്ര എന്നിവരേയും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പോലീസും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തത്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്കീംസ് ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. കമ്പനി വാഗ്ദാനം ചെയ്ത പ്രകാരം തനിക്ക് സ്‍ാമ്പത്തിക ലാഭം ലഭിച്ചില്ലെന്ന് കാണിച്ച് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി വിശാലാക്ഷി നല്‍കിയ പരാതി പ്രകാരമായിരുന്നു ആംവേയുടെ എം.ഡിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട്ടെ കേസില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ഉണ്ടായിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് വയനാട്ടില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ജാമ്യത്തില്‍ വിട്ട ഉടനെ അറസ്റ്റു ചെയ്ത് അവിടേക്ക് കൊണ്ടു പോയത്.
കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ വിപുലമായ സൃംഘലയാണ് ആംവേയ്ക്കുള്ളത്. ഡയറക്ട മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ കണ്ണിചേര്‍ക്കല്‍ രീതിയാണ് ഇവര്‍ അവലംബിക്കുന്നതെന്നും ഉല്പന്നങ്ങള്‍ കൊള്ളലാഭത്തിനു വില്‍ക്കുന്നതായും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കണ്ണൂര്‍,കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നിവടങ്ങളിലെ ആംവേയുടെ ഓഫീസുകളിലും ഗോഡൌണുകളിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. ഇതേതുടര്‍ന്ന് ആംവേക്ക് എതിരെ കേസെടുക്കുകയും 2.5 കോടിയുടെ ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.