കൊച്ചി: സേവന നികുതി ഇനത്തില്‍ വരുത്തിയ കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്സൈസ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. രാവിലെ കളമശ്ശേരിയിലെ ചാനല്‍ ആസ്ഥാനത്തെത്തിയാണ് നികേഷ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യത്തില്‍ ഇറങ്ങിയ നികേഷ് റിപ്പോര്‍ട്ടര്‍ ചാനലില്‍ രാത്രി എഡിറ്റേഴ്സ് അവര്‍ അവതരിപ്പിച്ചു.
2013 മാര്‍ച്ച് മുതല്‍ -2014 മാര്‍ച്ച് വരെ ഉള്ള കാലഘട്ടത്തില്‍ 2.20 കോടി രൂപയുടെ സേവന നികുതി നല്‍കുന്നതിലാണ്` ചാനല്‍ വീഴ്ച വരുത്തിയിട്ടുള്ളത്. ഇതില്‍ 1.71 കോടി രൂപ എറണാകുളം അഡീഷ്ണല്‍ ചീപ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ച് ബാക്കി തുകയില്‍ 19 ലക്ഷം ഈ മാസം തന്നെ അടച്ച് തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടയ്ക്കുമെന്നും നികേഷ് കുമാര്‍ കോടതിയില്‍ സമ്മതിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.
വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യ ദാതാക്കളില്‍ നിന്നും കൈപറ്റിയ സേവന നികുതിയില്‍ 2.20 കോടിരൂപ അടച്ചിരുന്നില്ല. ഈ കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ പലതവണ സെന്‍ട്രല്‍ എകൈസ് വിഭാഗം നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് ചാനല്‍ മേധാവിയായ എം.വി.നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
നികുതി കുടിശ്ശിക വരുത്തിയതിനു നികേഷ് കുമാറിനെ അറസ്റ്റു ചെയ്തതിനെ വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലെ സെന്‍ട്രല്‍ എക്സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്രത്തിനു നേരെ ഉള്ള കടന്നു കയറ്റവും ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.