തിരുവനന്തപുരം: രത്ന വ്യാപാരത്തിനിടെ കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ മരണത്തെ ചൊല്ലിയും അദ്ദേഹത്തിന്റെ രാജ കുടുംബാംഗത്വത്തെ ചൊല്ലിയുമുള്ള ദുരൂഹതകള്‍ ഏറുന്നു. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം, ബോധം കെടുത്തുവാന്‍ ഉപയോഗിച്ച ക്ലോറഫോമും പഞ്ഞിയും ഉള്‍പ്പെടെ ഉള്ള പല തെളിവുകളും പോലീസ് കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കൊല്ലപ്പെട്ട വര്‍മ്മയുടെ ഭൂതകാലം ദുരൂഹമായി മാറിയിരിക്കുന്നു. അദ്ദേഹം മാവേലിക്കര രാജ്യ കുടുംബാംഗമല്ലെന്ന് ക്ഷത്രിയ ക്ഷേമ സഭ അറിയിച്ചു. കൂടാതെ മാവേലിക്കര രാജ്യ കുടുംബത്തിലെ മറ്റൊരു മുതിര്‍ന്ന അംഗവും അദ്ദേഹത്തിനു രാജ കുടുംബവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹരിഹര വര്‍മ്മ രാജ കുടുംബാഗമാണെന്നും ആ പേരിലാണ് 2001-ല്‍ മകളെ വിവാഹം കഴിച്ചതെന്നും വര്‍മ്മയുടെ ഭാര്യാ പിതാവ് പറയുന്നു. ഹരിഹര വര്‍മ്മ രത്ന വ്യാപാരിയാണെന്നും അദ്ദേഹത്തിന്റെ പിതാവ് ഭാസ്കര വര്‍മ്മ മാവേലിക്കര രാജ കുടുംബാഗമാണെന്നും ഭാര്യാ സഹോദരന്‍ രജഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. വര്‍മ്മയ്ക്ക് രാജ കുടുംബവുമായി നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിഹര വര്‍മ്മയുടെ മരണത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന രത്നങ്ങളെ കുറിച്ചും വിശദമായ സി. ബി. ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ പന്ത്രണ്ടു മണിയോടെ ആണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ വച്ച് വര്‍മ്മ കൊല്ലപ്പെട്ട വിവരം പുറം ലോകം അറിയുന്നത്. വര്‍മ്മയ്ക്കൊപ്പം ആക്രമണത്തിനിരയായ ഹരിദാസ് എന്ന വ്യക്തിയാണ് ഇക്കാര്യം അയല്‍ക്കാരെയും ബന്ധുക്കളേയും അറിയിച്ചത്. വര്‍മ്മയുടെ കൈവശം ഉണ്ടായിരുന്ന രത്നങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ ക്ലോറഫോം മണപ്പിച്ച് ബോധം കെടുത്തി രത്നങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടി മരിച്ചതായാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.