തിരുവനന്തപുരം: കഴക്കൂട്ടത്ത് അരശും മൂട്ടില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ആയുധങ്ങളുമായി നടത്തിയ എറ്റുമുട്ടലില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബംഗാള്‍ സ്വദേശികളായ സുരേന്ദ്ര റായി, ഗിരിപാല്‍, സുനില്‍, ചോട്ടു ലാല്‍ തുടങ്ങിയവര്‍ പരിക്കേറ്റവരില്‍ പെടുന്നു.
ഞായറാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു ബംഗാളില്‍ നിന്നുമുള്ള തൊഴിലാളികള്‍ താമസ സ്ഥലത്ത് ഏറ്റുമുട്ടിയത്. മദ്യപിച്ച് വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരുന്ന അമ്പതിലധികം തൊഴിലാളികള്‍ ഈ ക്യാമ്പില്‍ താമസിക്കുന്നതായിട്ടാണ് അറിയുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ച് ഇനിയും പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടില്ല.
അന്യ സംസ്ഥാന തൊഴിലാളികളില്‍ ഏറിയ പങ്കും തമിഴ്‌നാട്, ബംഗാള്‍, ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥനങ്ങളില്‍ നിന്നും ഉള്ളവരാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മിലും അവരും നാട്ടുകാരും തമ്മിലുമെല്ലാം ഇടയ്ക്കിടെ സംഘര്‍ഷം ഉണ്ടാകുന്നുണ്ട്. പലയിടങ്ങളിലും ഇത് ഒരു സാമൂഹ്യ പ്രശ്നമായി വളര്‍ന്നു വരുവാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികള്‍ സ്ത്രീകള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങളിലും മോഷണങ്ങളിലും പങ്കാളികളായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തയിടെ ഒരു പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു.