ഒഞ്ചിയം: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതക ത്തിനെതിരെ അദ്ദേഹം കൊല്ലപ്പെട്ട മെയ് 4 മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഇപ്പോളും തുടരുന്നു. പല ഓണ്‍ലൈന്‍ പോസ്റ്റുകളിലും രൂക്ഷമായ ഭാഷയാണ് സി. പി. എമ്മിനു നേരെ പ്രയോഗിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ബ്ലോഗ്ഗുകള്‍, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വിവിധ മാദ്ധ്യമങ്ങളുടെ വെബ്സൈറ്റുകള്‍ തുടങ്ങി വിവിധ ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിളും വെബ്സൈറ്റുകളിലും ആയിരക്കണക്കിനു സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. സി. പി. എം. അനുഭാവികളും അവരുടെ കൂട്ടായ്മകളും ഇതിനെതിരെ മറു പ്രചാരണവുമായി രംഗത്തുണ്ട്. എന്നാല്‍ ടി. പി. വധം അന്വേഷണ സംഘം സി. പി. എമ്മിന്റെ ജില്ലാ നേതാക്കളെ വരെ അറസ്റ്റു ചെയ്തതോടെ ഇവരും പ്രതിരോധത്തിലായി. ലീഗ് ഉള്‍പ്പെടെ ഉള്ള മുസ്ലിം സംഘടനകളെ അനുകൂലിക്കുന്നവര്‍ ഷുക്കൂര്‍, ഫസല്‍ എന്നിവരുടെ വധത്തെ കുറിച്ചും പൊതുവില്‍ എണ്ണത്തില്‍ കുറവാണെങ്കിലും സംഘപരിവാര്‍ അനുകൂലികള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെ കുറിച്ചും പ്രത്യേകം എടുത്തു പറയുമ്പോള്‍ നിഷ്പക്ഷരും അരാഷ്ടീയവാദികളും സി. പി. എമ്മിനോട് മാനസികമായി വിയോജിപ്പുള്ളവരും എല്ലാ കൊലപാതകങ്ങളേയും ഒരേ രീതിയില്‍ കമന്റുകളിലൂടെ എതിര്‍ക്കുന്നു. ടി. പി. യുടേത് ആദ്യത്തെ രാഷ്ടീയ കൊലപാതകമല്ല എന്നതില്‍ തുടങ്ങിയാണ് സി. പി. എം. അനുഭാവികള്‍ പ്രതിരോധത്തിനായി ശ്രമിക്കുന്നത്. ഇതിനു മറുപടിയെന്നോണം മറുപക്ഷം വെട്ടിക്കൊന്നു, തല്ലിക്കൊന്നു, വെടി വെച്ചു കൊന്നു എന്നെല്ലാമുള്ള എം. എം. മണിയുടെ വിവാദ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകളെ ഉപയോഗപ്പെടുത്തുന്നു. ഇതിനും കമന്റുകള്‍ ധാരാളമായി വരുന്നുണ്ട്.
ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സി. പി. എം. ഇപ്പോള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനായി ഫേസ് ബുക്ക് ഉള്‍പ്പെടെ ഓൺ ലൈനിലെ വിവിധ സാദ്ധ്യതകളെ പ്രയോജന പ്പെടുത്തുന്നതി നെതിരെയും കൂട്ടത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ലീഗ് – സി. പി. എം. അനുകൂലികളാണ് കടുത്ത ഭാഷയില്‍ ഏറ്റുമുട്ടുന്നതില്‍ മുന്‍ പന്തിയില്‍. ധാരാളം വ്യാജ പ്രൊഫൈലുകള്‍ പ്രചാരണത്തിനായും പ്രതിരോധത്തിനായും ഉപയോഗപ്പെടുത്തുന്നതായും സൂചനയുണ്ട്. കേരളത്തിനു പുറത്തുള്ള സംഭവങ്ങളില്‍ പോലും സജീവമായി ഇടപെട്ടു കൊണ്ട് ലേഖനങ്ങള്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യുന്ന കെ. ഈ. എന്‍. കുഞ്ഞമ്മദ് ഉള്‍പ്പെടെ ഉള്ള സാംസ്കാരിക – ബുദ്ധി ജീവി വൃന്ദങ്ങള്‍ ടി. പി. വധത്തിനെതിരെ ഉള്ള പ്രതികരണങ്ങളില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്നതും ഓണ്‍ലൈനില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി. പി. വധത്തെ തുടര്‍ന്നുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ എല്ലാ സംഭവങ്ങള്‍ക്കും പ്രതികരിക്കല്‍ അല്ല തങ്ങളുടെ ജോലിയെന്ന് പറഞ്ഞ സാംസ്കാരിക നായകന്മാരില്‍ ഒരു വിഭാഗത്തിനു നേരെയും കടുത്ത പരിഹാസമാണ് പല കമന്റുകളിലും പ്രത്യക്ഷപ്പെടുന്നത്. കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട നേതാക്കന്മാരുടെ കേസു നടത്തുവാനായി പണ പിരിവു നടത്തുവാന്‍ ഉള്ള സി. പി. എമ്മിന്റെ തീരുമാനത്തെയും ഓണ്‍ലൈനിലെ കൊലപാതക വിമര്‍ശകരുടെ പട വെറുതെ വിടുന്നില്ല.