കൊച്ചി: മുസ്ലിം ലീഗിനെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുസ്ലിം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകം ആണെന്നും, മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികളാണ് യു.ഡി.എഫിന്റെ ശക്തിയെന്നും മുസ്ലിം ലീഗ് കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്ഥാവനയ്ക്കെതിരെ കെ.പി.എ മജീദ് ഉള്‍പ്പെടെ മുസ്ലിം ലീഗിന്റെ മുതിരന്ന നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സി.കെ.ഗോവിന്ദന് നായര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കവെ ആണ് രമേശ് ചെന്നിത്തല മുസ്ലിം ലീഗിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ന് അവര്‍ ചോദിക്കുന്നത് കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും പിന്നെ അത് സമ്മര്‍ദ്ദമാകും എന്ന് മുസ്ലിം ലീഗിനെ കുറിച്ച് സി.കെ.ഗോവിന്ദന് നായര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് പില്ക്കാല കേരള രാഷ്ടീയം തെളിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വര്‍ഗ്ഗീയ കക്ഷികളുമായും സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസ്സ് പുലര്‍ത്തേണ്ട ബന്ധത്തിനു ലക്ഷ്മണ രേഖ വേണമെന്ന സി.കെ.ജിയുടെ വാക്കുകളെ കെ.പി.സി.സി പ്രസിഡണ്ട് എന്ന നിലയില്‍ താന്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും ആ ലക്ഷ്മണ രേഖ കടന്ന സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനു ശക്തിക്ഷയം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൂടര്‍ന്ന് പ്രസംഗിച്ച മന്ത്രി ആര്യാടന് മുഹമ്മദും, കെ.മുരളീധരന് എം.എല്‍.എയും രമേശ് ചെന്നിത്തലയെ പിന്താങ്ങി മുസ്ലിം ലീഗിനെതിരെ സംസാരിച്ചു. ലീഗിനെ കുറിച്ച് സി.കെ.ജി അന്നു പറഞ്ഞത് ഇന്നും ലൈവാണെന്നും ഇന്നത്തെ പ്രസ്താവനയോടെ ആണ് കെ.പി.സി.സി പ്രസിഡണ്ട് ശരിക്കും കെ.പി.സി.സി പ്രസിഡണ്ടായതെന്നും ആര്യാടന് പറഞ്ഞു. ലീഗ് അടക്കമുള്ള വര്‍ഗ്ഗീയ സംഘടനകളോടും സാമുദായിക സംഘടനാകളോടും എതിരിട്ടു നില്ക്കുന്ന ഒറ്റയാനാണ് താനെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഘടക കക്ഷികള്‍ മുന്നണി വിട്ട് പോകും എന്ന് പറഞ്ഞാണ് പേടിപ്പിക്കുന്നതെന്നും എന്നാല്‍ അവര്‍ എവിടേക്കും പോകില്ലെന്നും പോയാലും ആരും എടുക്കിലെന്നും കെ.മുരളീധരന് എം.എല്‍.എ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ കുഴിക്കുന്നത് പോലെ അവിടെ ഒന്നും പോയി കുഴിക്കുവാന്‍ ആകില്ലെന്നും ഘടക കക്ഷികളുമായുള്ള ബന്ധത്തീല്‍ നിയന്ത്രണം വേണം എന്ന് നേരത്തെ മനസ്സിലാക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.