തിരുവനന്തപുരം: തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായി. മന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്തന്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ പലരും രംഗത്തെത്തി. കൂടിക്കാഴ്ചയെ പറ്റി മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മോഡിയുടെ വികസനപ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്നവര്‍ അദ്ദേഹം നടത്തിയ വികസനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നും വി.എസ്.കൂട്ടിച്ചേര്‍ത്തു.
വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കല്‍ കേരളത്തിലെ ഐ.ടി.ഐകളുടെ വികസനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനാണ് മോഡിയെ കണ്ടതെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഗുജറാത്തിലെ തൊഴില്‍ വകുപ്പ് നിരവധി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അതില്‍ നിന്നും ഗുണപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച അഹമ്മദാബാദില്‍ വച്ചായിരുന്നു ഷിബു ബേബി ജോണും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്ര മോഡിയുമായി നടത്തിയ കൂറ്റിക്കാഴ്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ കോണ്‍ഗ്രസ്സ് എം.എല്‍.എ അബ്ദുള്ളക്കുട്ടി മോഡിയുടെ വികസന നയത്തെ അനുകൂലിച്ച് സംസാരിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.