വാഴൂര്‍: എരണ്ടക്കെട്ട് മൂലം ചരിഞ്ഞ വൈജയന്തി എന്ന പിടിയാനക്ക് നാടിന്റെ വികാര നിര്‍ഭരമായ യാത്രാമൊഴി. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ ആയിരുന്നു ആനയുടെ അന്ത്യം. അസുഖ ബാധിതയായിരുന്ന വൈജയന്തിയെ ചികിത്സിക്കുന്നതായി കല്ലുതക്കേല്‍ ചെള്ളാട്ട് പുരയിടത്തിലാണ് തളച്ചിരുന്നത്. പത്തു ദിവസത്തോളമായി ആന തീറ്റയെടുക്കാത്തതിനെ തുടര്‍ന്ന് അവശ നിലയില്‍ ആയിരുന്നു. വൈജയന്തി ചരിഞ്ഞതറിഞ്ഞ് രാത്രിതന്നെ നൂറുകണക്കിനു ആളുകള്‍ എത്തുവാന്‍ തുടങ്ങി. വെള്ളിയാഴ്ച അവിടെ നിന്നും പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പരിസരത്തേക്ക് ആനയുടെ മൃതദേഹം വിലാപയാത്രയായി കൊണ്ടു വന്നു. നൂറുകണക്കിനു നാട്ടുകാര്‍ വിലാപയാത്രയില്‍ പങ്കെടുത്തു. എന്‍.ജയരാജ് എം.എല്‍.എ, തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍, എന്‍.എസ്.എസ് താലൂക്ക് യൂണീയന്‍ പ്രസിഡണ്ട് അഡ്വ.എം.എസ്.മോഹനന്‍, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് കെ.ചെറിയാന്‍, ആന പ്രേമികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയില്‍ ഉള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എലിഫന്റ് സ്ക്വാഡിലെ വെറ്റിനറി ഡോ.സാബു സി.ഐസക്, ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ക്ഷേത്രക്കുളത്തിനു സമീപത്ത് സ്ഥിരമായി ആനയെ തളക്കാറുള്ള സ്ഥലത്തു തന്നെ ഭൌതിക ശരീരം അടക്കി. തുടര്‍ന്ന് അനുസ്മരണവും നടന്നു. ആനയോടുള്ള സ്നേഹാദരങ്ങളുടെ സൂചകമായി വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ കൊടുങ്ങൂരിലെ കടകള്‍ അടച്ചിട്ടു. ഓട്ടോ-ടാക്സി തൊഴിലാളികളും വാഹനങ്ങള്‍ ഓടിച്ചില്ല.
തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡാണ് ആനയെ ക്ഷേത്രത്തിനു നല്‍കിയത്. 1961-ല്‍ നാലുവയസ്സുള്ളപ്പോള്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെത്തിയ കാലം മുതലേ വൈജയന്തി നാട്ടുകാരുടെ പ്രിയ തോഴിയായിരുന്നു. പിടിയാനയായതിനാല്‍ മദപ്പാടോ അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളോ ഇല്ലായിരുന്നു. പൊതുവെ ആരോഗ്യവതിയായിരുന്ന ആനയെ പത്തു വര്‍ഷമായി സാബു എന്ന പാപ്പാനാണ് പരിചരിച്ചു വരുന്നത്. ആനയെ അധികൃതര്‍ വെണ്ട വിധം ചികിത്സിക്കാത്തതാണ് മരണകാരണമെന്ന് ആരോപീച്ച് നാട്ടുകാര്‍ ഫ്ലക്സും മറ്റും വെച്ചു.