തിരുവനന്തപുരം: വിളപ്പില്‍ ശാല മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുവാന്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി അറിയിച്ചു. മാലിന്യ പ്ലാന്റ് സംബന്ധിച്ച് നാട്ടുകാരെ സര്‍ക്കാര്‍ കബളിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി. വിളപ്പില്‍ ശാലയില്‍ ഇന്ന് പുലര്‍ച്ചെ രഹസ്യമായി ലീച്ചേറ്റ് ട്രീറ്റ്മെന്റ് ഉപകരണങ്ങള്‍ വന്‍ പോലീസ് അകമ്പടിയോടെ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമരം ശക്തമാക്കുവാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്തതാണെന്നാണ് സര്‍ക്കാരിന്റേയും എം. എല്‍. എ. യും സി. പി. എം. നേതാവുമായ വി. ശിവന്‍ കുട്ടിയുടേയും നിലപാട്.
നേരത്തെ മലിന ജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാന്‍ ഉപകരണങ്ങള്‍ കൊണ്ടു വന്നപ്പോൾ ജനങ്ങള്‍ അത് തടയുകയും തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ പിന്‍വാങ്ങുകയുമായിരുന്നു. അന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രദേശത്തെ മുഴുവന്‍ ആളുകളും സമരത്തില്‍ അണി നിരന്നിരുന്നു. കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി. പി. എം. തുടങ്ങിയ കക്ഷി നേതാക്കളില്‍ പലരും ജന വികാരത്തെ കണക്കിലെടുക്കാതെ മാലിന്യ പ്ലാന്റിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനം വന്‍ പരാജയമാണ് നേരിടുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നു. അതിവേഗം നഗരങ്ങളായി കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ഗൌരവപൂര്‍ണ്ണമായ നടപടികള്‍ കൈകൊണ്ടിട്ടില്ല.