എറണാകുളം: സദാചാര ലംഘനത്തിന്റെ പേരില്‍ സി. പി. എം. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അദ്ദേഹം നടത്തിയ ചില പ്രവര്‍ത്തികള്‍ ഒളിക്യാമറയില്‍ പതിഞ്ഞതായ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടി അതേ പറ്റി അന്വേഷണം നടത്തിയിരുന്നു, ഇതാണ് നടപടികളിലേക്ക് നയിച്ചത്. ഒളിക്യാമറ വിഷയം ഉയര്‍ത്തി ഗോപി കോട്ടമുറിക്കലിനെതിരെ പരാതി ഉയര്‍ത്തിയ ജില്ലാ കമ്മറ്റി അംഗം കെ. എ. ചാക്കോച്ചനെ സസ്പെന്റ് ചെയ്യുകയും ജില്ലാ കമ്മറ്റി അംഗം പി. എസ്. മോഹനനെ തരം താഴ്ത്താനും സംസ്ഥാന സമിതി തീരുമാനിച്ചു. കൂടാതെ ജില്ലാ കമ്മറ്റി അംഗങ്ങളായ എം. പി. പത്രോസ്, ടി. കെ. മോഹന്‍ എന്നിവരെ താക്കീതു ചെയ്യുവാനും തീരുമാനമായി. കുറ്റം ചെയ്തയാള്‍ക്കൊപ്പം പരാതിക്കാര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് വി. എസ്. പക്ഷക്കാരായ ചില നേതാക്കള്‍ ശക്തിയായി വാദിച്ചതായി സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സംസാരിക്കവെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എസ്. ശര്‍മ്മക്കും മറ്റൊരു നേതാവായ കെ. ചന്ദ്രന്‍പിള്ളയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഗോപി ഉന്നയിച്ചിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ താന്‍ സഹായിച്ചവര്‍ എല്ലാം തനിക്കെതിരെ നിലപാടെടുത്തതായി അദ്ദേഹം പറഞ്ഞു.
എസ്. എഫ്. ഐ. പ്രവര്‍ത്തകനായി രാഷ്ടീയപ്രവര്‍ത്തനം ആരംഭിച്ച ഗോപികോട്ടമുറിക്കല്‍ പിന്നീട് ഡി. വൈ. എഫ്. ഐ. ആരംഭിച്ചപ്പോള്‍ അതിന്റെ മികച്ച സംഘാടകരില്‍ ഒരാളായി മാറി. വിവിധ സമര മുഖങ്ങളില്‍ സജീവ സാന്നിധ്യമായി മാറിയ ഗോപിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പോലീസ് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എറണാംകുളം ജില്ലയിലെ ട്രേഡ് യൂണിയന് രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി. പി. എം. ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തപ്പോള്‍ ആദ്യം വി. എസ്. പക്ഷത്ത് നിലയുറപ്പിച്ച ഗോപി കോട്ടമുറിക്കല്‍ പിന്നീട് ഔദ്യോഗിക പക്ഷത്തേക്ക് മാറി. വിഭാഗീയതയുടെ പേരില്‍ വെട്ടിനിരത്തല്‍ സജീവമായതോടെ വി.എസ്.പക്ഷത്തെ പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. ഒടുവില്‍ ഒളിക്യാമറയില്‍ കുടുങ്ങിപ്പോള്‍ ഔദ്യോഗികപക്ഷത്തിന്റെ സംരക്ഷണം പ്രതീക്ഷിച്ചെങ്കിലും തരം താഴ്ത്തലിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. അതോടെ പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ മുന്‍നിര നേതാവായി നിന്ന ഗോപിക്ക് തന്റെ അറുപത്തി നാലാം പിറന്നാള്‍ ദിനത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.
സി. പി. എമ്മിനെ സംബന്ധിച്ച് ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടാമത്തെ ആളാണ് പാര്‍ട്ടിയില്‍ നിന്നും സദാചാര വിഷയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുന്നത്. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് കേന്ദ്ര നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.