ചെന്നൈ: ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കി ക്കൊണ്ട് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ച് ഉത്തരവിട്ടു. വിമാനത്താവളത്തിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പദ്ധതി പ്രദേശത്ത് കെ. ജി. എസ്. ഗ്രൂപ്പ് ഒരു നടപടിയും എടുക്കരുതെന്നും, തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കെ. ജി. എസ്. അനുമതി തേടിയതെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് ഇതു സംബന്ധിച്ച പഠനം നടത്തുവാന്‍ അര്‍ഹതയില്ല. ഇവര്‍ പൊതുജനങ്ങളില്‍ നിന്നും കൃത്യമായ അഭിപ്രായം തേടിയിരുന്നില്ലെന്നും കണ്ടെത്തി. പദ്ധതി നടപ്പിലായാല്‍ കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാകുമെന്നും ട്രിബ്യൂണല്‍ വിധിയില്‍ പറയുന്നു.
ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതിയും, പരിസ്ഥിതി പ്രവര്‍ത്തകരായ രംഗനാഥന്‍, റോയിസണ്‍ എന്നിവരും സി. പി. എം., സി. പി. ഐ. എന്നീ പാര്‍ട്ടികളുമാണ് പദ്ധതിക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വാദം കേള്‍ക്കലിനൊടുവിലാണ് ഈ കേസില്‍ വിധി വരുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതായും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പരിസ്ഥിതി അനുമതി നേടിയെടുത്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളും ട്രൈബ്യൂണല്‍ തള്ളി.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവ് വിധിയില്‍ ആഹ്ളാദം ഉണ്ടെന്ന്‍ വ്യക്തമാക്കി. നാടിന്റേയും പച്ചപ്പിന്റേയും വിജയമാണെന്ന് കവിയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി പറഞ്ഞു. ഉത്തരവിനെ ബി. ജെ. പി. യും വിവിധ സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തു. ഈ ഉത്തരവ് സര്‍ക്കാരിനുള്ള താക്കീതും കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പുറത്ത് വന്നതോടെ വിമാനത്താവള വിരുദ്ധ സമര സമിതി മൂന്ന് വര്‍ഷമായി നടന്നു വന്നിരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. സമരക്കാരും നാട്ടുകാരും ആറന്മുളയില്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടയില്‍ ശിവദാസന്‍ നായര്‍ എം. എല്‍. എ. യുടെ കോലം കത്തിക്കുകയും കെ. ജി. എസിന്റെ ഓഫീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തു.