ഗാങ്‌ടോക്: ഉത്തരേന്ത്യയെയും വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശംവിതച്ച വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. 20 വര്‍ഷത്തിനിടെ ഇവിടെയനുഭവപ്പെടുന്ന ഏറ്റവുംവലിയ ഭൂകമ്പമാണിത്. കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വ്യാപകമായ നാശം സംഭവിച്ച ഇവിടെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും (എന്‍.ഡി.ആര്‍.എഫ്.), ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തി പോലീസും (ഐ.ടി.ബി.പി.) രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കരസേനയുടെ അയ്യായിരത്തോളം സൈനികരും ഒമ്പത് ഹെലികോപ്റ്ററുകളുമാണ് ‘ഓപ്പറേഷന്‍ മദാദ്’ എന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 6.15-ഓടെയാണ് റിക്ടര്‍ സെ്കയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിക്കിമിലും ഉത്തരേന്ത്യയിലും നാശംവിതച്ചത്. ബംഗാളില്‍ ആറും ബിഹാര്‍, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളില്‍ ഏഴുംവീതം പേരുമാണ് മരിച്ചത്. സിക്കിമിന്റെ വടക്കന്‍ജില്ലയായ ഗാങ്‌ടോക്കിലും തീസ്റ്റ നദീതീരത്തെ റാങ്‌പോ, ദിക്ചു, സിങ്തം, ചുങ്താങ് ഗ്രാമങ്ങളിലുമാണ് ഭൂകമ്പം കൂടുതല്‍ ദുരന്തം വിതച്ചത്. ഗാങ്‌ടോക്കില്‍ തീസ്റ്റ ഉജ്ര ലിമിറ്റഡിന്റെ ബസ് ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങി അതിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംകൊടുക്കുന്ന കരസേനയുടെ തലവന്‍ മേജര്‍ ജനറല്‍ എസ്.എല്‍. നരസിംഹന്‍ പറഞ്ഞു. തിസ്ത വൈദ്യുതി പദ്ധതി പ്രദേശത്ത് നിന്ന് 10 ജീവനക്കാരുടെ മൃതദേഹം കണ്ടെടുത്തു. സിക്കിമില്‍ 20 തുടര്‍ചലനങ്ങളുണ്ടായി.
അസം, മേഘാലയ, ത്രിപുര, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലും അയല്‍സംസ്ഥാനങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.