കുട്ടനാട്: കുട്ടനാട്ടില്‍ വസന്ത രോഗം ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. മഴക്കാലമായതോടെ രോഗം വളരെ വേഗത്തില്‍ വ്യാപിക്കുകയാണ്. അസുഖം ബാധിച്ച് ചത്തൊടുങ്ങുന്ന താറാവുകള്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുകയാണ്. ഇവ ചീഞ്ഞ് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വായ്പയെടുത്ത് താറാവു കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലായിട്ടുണ്ട്. രോഗ പ്രതിരോധത്തിനായി സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
താറാവുകള്‍ അനങ്ങാതെ തൂങ്ങി നില്‍ക്കുന്നതാണ് അസുഖത്തിന്റെ ലക്ഷണം. പിന്നീട് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ അവ ചത്തൊടുങ്ങുന്നു. നൂറുകണക്കിനു താറാവുകളാണ് ഇതിനോടകം രോഗം ബാധിച്ച് ചത്തത്. ഇതിനിടെ വസന്ത ബാധിച്ച് ചത്തൊടുങ്ങുന്ന താറാവുകളെ ചിലര്‍ ശേഖരിച്ചു കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന താറാവുകളെ ഇറച്ചിയാക്കി വില്‍ക്കുവാനോ ഹോട്ടലുകളില്‍ ഉപയോഗിക്കുവാനോ സാധ്യതയുണ്ട്.



തൃപ്പൂണിത്തുറ: പാപ്പാന്മാരുമായി പിണങ്ങി ചമ്പക്കര പുഴയില്‍ ഇറങ്ങിയ കൊമ്പനെ കരയ്ക്കു കയറ്റി. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് തൃപ്പൂണിത്തുറ ദേവസ്വം വക രവിപുരം ഗോവിന്ദന്‍ എന്ന ആന ഇടഞ്ഞത്. ഏറെ നേരം പുഴയില്‍ മുങ്ങിക്കിടന്ന ആന കരയ്ക്കു കയറുവാന്‍ വിസമ്മതിച്ചു. ഒരവസരത്തില്‍ ആനയുടെ തുമ്പിയും മുതുകും മാത്രമാണ് വെള്ളത്തിനു മുകളില്‍ കണ്ടിരുന്നത്. ശ്വാസമെടുക്കു വാനായിട്ടാണ് ആന തുമ്പി വെള്ളത്തിനു മുകളില്‍ ഉയര്‍ത്തി വെച്ചിരുന്നത്. ആനയെ അനുനയിപ്പിച്ച കരയ്ക്കു കയറ്റുവാന്‍ പാപ്പാനും, ഫയര്‍ ഫോഴ്സിനും, നാട്ടുകാര്‍ക്കും ഏറേ പരിശ്രമിക്കേണ്ടി വന്നു. വടമെറിഞ്ഞ് കരയ്ക്കു കയറ്റുവാന്‍ ഉള്ള ശ്രമത്തിനിടെ ആന പുഴയിലൂടെ മൂന്നു കിലോമീറ്ററില്‍ അധികം നീന്തി. ആനയെ പാപ്പാന്‍ ഉപദ്രവിച്ചതാണ് പെട്ടെന്ന് പ്രകോപിതനായി ഓടുവാന്‍ കാരണമെന്ന് കരുതുന്നു. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ശീവേലിക്കായി കൊണ്ടു വന്നതായിരുന്നു രവിപുരം ഗോവിന്ദനെ. 


























