ആലപ്പുഴ: കോഴിക്കോട് മാന്‍ ഹോളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ മരിച്ച നൌഷാദ് യുവ തലമുറയ്ക്ക് മാതൃകയാണെന്ന് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നൌഷാദിന്റെ കുടുമ്പത്തിനു സര്‍ക്കാര്‍ സഹായ ധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടേശന്‍ നടത്തിയ പ്രസ്ഥാവന വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നു. മാത്രമല്ല അദ്ദേഹത്തിനെതിരെ മതസ്പര്‍ദ്ദയുണ്ടാക്കും വിധം അഭിപ്രായ പ്രകടനം നടത്തിയതിനു പോലീസ് കേസെടുത്തിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി വെള്ളാപ്പള്ളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രസിദ്ദീകരിച്ചത്.
നൌഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുമ്പത്തിനു ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയതില്‍ തനിക്കോ തന്റെ പ്രസ്ഥാനത്തൊനോ എതിര്‍പ്പില്ലെന്നും സന്തോഷമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സഹായ വിതരണത്തിനു തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുമ്പങ്ങള്‍ക്കോ അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ജവാന്റെ കുടുമ്പത്തിനോടോ ഈ നിലപാട് സ്വീകരിക്കാത്തതിനെ അപലപിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. തന്റെ വാക്കുകളെ തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ചാനലുകള്‍ വളച്ചൊടിച്ചതായും അദ്ദേഹത്തെ കരി വാരി തേക്കുവാനുള്ള ശ്രമത്തിനപ്പുറം ചാനലുകളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീര യുവാവിന്റെ കുടുമ്പം കൂടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ടീയക്കാരും തങ്ങളുടെ നീചമായ പ്രവര്‍ത്തിയിലൂടെ ആ കുടുമ്പത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.