തിരുവനന്തപുരം : പ്രമുഖ വെക്തികളുടെ അടക്കം ഇ-മെയില്‍ ചോര്‍ത്തി എന്ന വിവാദം മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ച് കാട്ടി എന്ന് പോലിസ്. മുസ്‌ലിം ലീഗ് നേതാക്കളും പത്രപ്രവര്‍ത്തകരരും ഉള്‍പ്പെടെയുള്ള 268 ഇ-മെയില്‍ ചോര്‍ത്തുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളിലും കഴിഞ്ഞ ദിവസം വന്നിരുന്നു. ഡി. ജി. പി. ജേക്കബ് പുന്നൂസും ഇന്‍റലിജന്‍സ് എ. ഡി. ജി. പി ടി.പി.സെന്‍കുമാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ഇ-മെയില്‍ വിവാദം സംബന്ധിച്ച പോലീസ് ഭാഷ്യം ധരിപ്പിച്ചു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി. പോലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയുടെ പക്കല്‍ നിന്ന് 268 ഇ-മെയില്‍ ഐ.ഡികള്‍ ലഭിച്ചുവെന്നും ആ ഇ-മെയിലുകളില്‍ നിന്ന് ഒരാളുടെ ഐ. ഡി തിരിച്ചറിയാനും അയാളുടെ വിലാസം കണ്ടുപിടിക്കാനും ഹൈടെക് സെല്ലിലേക്ക് അയച്ചിരുന്നു. ഇതുസംബന്ധിച്ച പട്ടികയാണ് മുസ് ലിങ്ങളുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഗൂഗിള്‍, യാഹു പോലുള്ള ആഗോള ഐ. ടി. സ്ഥാപനങ്ങള്‍ ഒരുക്കുന്ന ഇ-മെയിലുകള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ പക്കലില്ലെന്നുമാണ് പോലിസ് ഭാഷ്യം. കേരള മുസ്‌ലിങ്ങളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡി. ജി. പി ജേക്കബ് പുന്നൂസ് വ്യക്തമാക്കി.