കൊച്ചി: വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഡി. വൈ. എഫ്. ഐ. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ്സ് അനുകൂല സംഘടനയായ കെ. പി. എസ്. ടി. യു. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പച്ച ബ്ലൌസ് ഉത്തരവിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വ്വ ശിക്ഷാ അഭിയാന്‍ എറണാകുളത്ത് നടത്താനിരുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിച്ചെത്തണം എന്ന ഉത്തരവിറക്കിയത് പ്രൊജക്ട് ഓഫീസര്‍ കെ. എം. അലിയാരാണ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്റ് ചെയ്തു. അധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റി വെച്ചു.
അധ്യാപികമാരെ കൊണ്ട് ഉത്തരവിലൂടെ പച്ച ബ്ലൌസ് ധരിപ്പിക്കുന്നതിനെതിരെ എസ്. എൻ. ഡി. പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പച്ച നിറം പ്രകൃതിയുടെ നിറമാണ്. എന്നാല്‍ അത് ലീഗിന്റെ കൊടിയുടെ നിറം കൂടെയാണ്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റുവാന്‍ നേരത്തെ തന്നെ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്തു മാറ്റാന്‍ ലത്തീൻ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളോ അനുകൂലികളോ ഉള്‍പ്പെടുന്ന മുപ്പത്തഞ്ച് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ ഉള്ള തീരുമാനവും വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു മാറ്റി ഗ്രേസ് ആക്കിയതും നേരത്തെ വിവാദമായിരുന്നു.
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റുകളിലും വിദ്യാഭ്യാസ രംഗത്തെ ലീഗ് വല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതികരണവും പരിഹാസവുമാണ് ഉയര്‍ന്നിട്ടുള്ളത്.