ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ ആന ശേഖരത്തിലേക്ക് പുതിയ ഒരു അതിഥി കൂടെ എത്തി. പാലക്കാട് സ്വദേശി ഗോപിനാഥന്‍ തന്റെ അയ്യപ്പന്‍ കുട്ടി എന്ന കുട്ടിക്കൊമ്പനെയാണ് ഗുരുവായൂരപ്പനു സമര്‍പ്പിച്ചത്. ഇതോടെ ദേവസ്വത്തിനു 64 ആനകളായി. പതിനാലു വയസ്സിനടുത്ത് പ്രായമുള്ള കൊമ്പന്‍ അല്പം കുസൃതിക്കാരനാണ്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ശീവേലിക്ക് ശേഷം മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടയിരുത്തല്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. വെള്ളയും കരിമ്പടവും വിരിച്ച് അതില്‍ ഇരുത്തി. തീര്‍ഥം തളിച്ച് കളഭമണിയിച്ചു. തെച്ചിയും താമരയും ചേര്‍ത്ത മാല ചാര്‍ത്തി. മൂന്നു വട്ടം ചെവിയില്‍ പേരു വിളിച്ചു. തോട്ടിയും കോലും ഉടമയില്‍ നിന്നും ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി രാമന്‍ നമ്പൂതിരി ഏറ്റുവാങ്ങി പാരമ്പര്യ അവകാശികള്‍ക്ക് കൈമാറി.
ആനയെ നടയ്ക്കിരുത്തുന്നത് കാണുവാന്‍ ധാരാളം ഭക്തര്‍ എത്തിയിരുന്നു. ആളുകളുടെ തിരക്ക് കണ്ട് ഇടയ്ക്ക് അല്പം പരിഭ്രമിച്ച കുട്ടിക്കൊമ്പന്‍ മുന്നോട്ടോടുവാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തന്നെ നിയന്ത്രിച്ചു.