പാലക്കാട്: കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ പ്രദര്‍ശനം നടന്ന തിയേറ്ററുകള്‍ക്ക് നേരെ ചില മുസ്ലിം സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി. പാലക്കാട്ട് പ്രതിഷേധക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി വെച്ചു. ശ്രീദേവി ദുര്‍ഗ തിയേറ്ററിലേക്ക് ഇരച്ചു കയറിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു. വിശ്വരൂപം കാണുവാനായി തമിഴ്‌നാട്ടില്‍ നിന്നു പോലും ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ എസ്. ഡി. പി. ഐ. പ്രവര്‍ത്തകരെന്ന് പറഞ്ഞ് എത്തിയ ചിലര്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ തിയേറ്ററിനു നേരെയും പ്രതിഷേധം ഉണ്ടായി.
തെക്കന്‍ കേരളത്തിലെ ചിലയിടങ്ങളും വിശ്വരൂപത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധക്കാരുടെ അടിയേറ്റ് ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിജു എമ്മാനുവലിനു (36) പരിക്കേറ്റും. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനക്കാര്‍ വഴി തടയുകയും ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തു. ജീന തീയേറ്ററിലേക്ക് തള്ളിക്കയറിയ സംഘം സിനിമ നിര്‍ത്തി വെപ്പിച്ചു. പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്തുവാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ഭീഷണി പ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
തീവ്രവാദത്തെ പ്രമേയമാക്കി കമലഹാസന്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വരൂപ ത്തിനെതിരെ തമിഴ്‌നാട്ടില്‍ മുസ്ലിം സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് റിലീസിങ്ങ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതിനെതിരെ കമലഹാസന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ശനിയാഴ്ച ജഡ്ജി ചിത്രം കണ്ടതിനു ശേഷം ചിത്രത്തിന്റെ റിലീസിങ്ങിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. ആന്ധ്രപ്രദേശിലെ ഹൈദരബാദിലും ചിത്രത്തിന്റെ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. മത തീവ്രവാദം പ്രമേയമാകുന്ന ചിത്രങ്ങള്‍ക്കെതിരെ അടുത്ത കാലത്ത് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത് പതിവായിട്ടുണ്ട്. അടുത്തിടെ വിജയ് ചിത്രമായ തുപ്പാക്കിക്കെതിരെയും തമിഴ്‌നാട്ടില്‍ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.