കൊച്ചി: വോട്ടു ചെയ്യാനെത്തിയപ്പോള്‍ പോളിങ്ങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ കണ്ട നടി കാവ്യാ മാധവന്‍ വോട്ടു ചെയ്യാതെ മടങ്ങി. രാവിലെ എറണാകുളത്ത് വെണ്ണലയിലെ സ്കൂളില്‍ കുടുംബ സമേതമാണ് കാവ്യ എത്തിയത്. ക്യൂ നില്‍ക്കാതെ കാവ്യയെ വോട്ടു ചെയ്യാന്‍ അനുവദിക്കട്ടെ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ക്യൂവിലുള്ളവരോട് ചോദിച്ചപ്പോല്‍ ഒരാള്‍ ജനാധിപത്യ രീതിയില്‍ ക്യൂവില്‍ നിന്ന് വോട്ടു രേഖപ്പെടുത്തണം എന്ന് പറഞ്ഞു. ഇതോടെ മറ്റു ചിലരും കാവ്യ ക്യൂവില്‍ നിന്ന് വോട്ടു ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. ആളുകളുടെ എതിര്‍പ്പുണ്ടെങ്കില്‍ ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാവ്യയും കുടുംബവും വോട്ടു ചെയ്യാതെ മടങ്ങി.
ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയും സിനിമാ നടനുമായ കെ. ബി. ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാവ്യ രംഗത്തുണ്ടായിരുന്നു. ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു നടന്ന നടി അവസാനം ജനാധിപത്യം പൌരന് നല്‍കുന്ന പരമോന്നത അവകാശമായ സമ്മതിദാന അവകാശം പ്രയോഗിക്കാതെ സ്വന്തം സൗകര്യം നോക്കി സ്ഥലം വിടുകയാണ് ഉണ്ടായത്.