ആലുവ: നടി കാവ്യാ മാധവന് ഇത് പരീക്ഷയുടെ കാലം. സിനിമാ രംഗത്ത് സജീവമായതിനെ തുടര്‍ന്ന് ഇടയ്ക്ക് നിലച്ചു പോയ പഠനമാണ് കാവ്യ ഓപ്പണ്‍ സ്കൂള്‍ വഴി പൂത്തിയാക്കുവാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം എടത്തല അല്‍ അമീന്‍ സ്കൂളിലാണ് കാവ്യ നാഷണല്‍ ഇസ്ന്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പിതാവ് മാധവനൊപ്പമാണ് കാവ്യ പരീക്ഷയെഴുതുവാന്‍ എത്തിയത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു പരീക്ഷ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച കാവ്യ ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. തുടര്‍ന്ന് സിനിമയുടെ തിരക്കുകള്‍. വിവാഹ ശേഷം സിനിമ നിര്‍ത്തിയെങ്കിലും ഭര്‍ത്താവ് നിഷാലുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. തുടര്‍ന്ന് വീണ്ടും സിനിമയില്‍ സജീവമായ കാവ്യ അഭിനയിച്ച ക്രിസ്ത്യന്‍ ബ്രദേഴ്സും, ചൈനാ ടൌണും തീയേറ്ററുകളില്‍ ഹിറ്റായി ക്കൊണ്ടിരിക്കുകയാണ്.