ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ‘ഫ്ലോട്ടിംഗ് ലൈബ്രറി’ എന്നു വിശേഷിക്കപെടുന്ന ലോഗോസ് ഹോപ് എന്ന കപ്പല്‍ ജനുവരി 21 നാണ് ദുബായ് പോര്‍ട്ട് റഷീദില്‍ എത്തി ചേര്‍ന്നത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഡി. പി. വേള്‍ഡ് സഹകരണത്തോടെ ഇത് രണ്ടാം തവണയാണ് ഈ കപ്പല്‍ ദുബൈയില്‍ നങ്കൂരം ഇടുന്നത്. 45 രാജ്യങ്ങളില്‍
നിന്നുള്ള 400 ജീവനക്കാര്‍ ഉള്ള ഈ കപ്പലിന്റെ ഏറ്റവും വലിയ സവിശേഷത, ഈ ജീവനക്കാരില്‍ ആരും തന്നെ ശമ്പളം പറ്റുന്നവര്‍ അല്ല എന്നുള്ളതാണ്. കപ്പലില്‍ പ്രവേശന ഫീസും ഇല്ല.
ശാസ്ത്രം, സാങ്കേതികം, കല, കായികം, സാഹിത്യം, പാചകം എന്നീ മേഖലകളില്‍ പെട്ട ആയിരത്തില്‍ പരം പുസ്തകങ്ങള്‍ക്ക് പുറമേ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെ കപ്പലില്‍ ലഭ്യമാണ്. ആഗോള സാഹോദര്യവും ആതുര സേവനവും ലക്‌ഷ്യം വച്ച് ജി. ബി. എ. ഷിപ്സ് എന്ന ജര്‍മന്‍ കമ്പനിയാണ് ലോഗോസ് ഹോപ്പിന്റെ സംഘാടകര്‍. 2009 ല്‍ യാത്ര തുടങ്ങിയ ഈ കപ്പല്‍ ഇതു വരെ 1400 ല്‍ പരം തുറമുഖങ്ങളും, 160 രാജ്യങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞു. സാമൂഹിക സേവനത്തില്‍ തല്പരരായ കപ്പല്‍ ജീവനക്കാര്‍ അനേകം സ്ഥലങ്ങളില്‍ ആരോഗ്യ രക്ഷ, വിവാഹ ജീവിതം, നേതൃത്വ ബോധം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് സെമിനാറുകളും സൗജന്യ പഠനോപാധികളും നല്‍കി വരുന്നു.
സന്ദര്‍ശന സമയം
ശനി – ബുധന്‍ : ഉച്ചയ്ക്ക് 1:00 – രാത്രി 10:30
വ്യാഴവും വെള്ളിയും : വൈകുന്നേരം 4 – രാത്രി 10.30
ഞായര്‍ – ബുധന്‍ : രാവിലെ 10.00 – ഉച്ചയ്ക്ക് 1.00 ( സ്ത്രീകള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രം)
പോര്‍ട്ട് റഷീദിന്റെ പ്രധാന പ്രവേശന കവാടത്തില്‍ നിന്നും കപ്പല്‍ വരെ സൗജന്യ ഷട്ടില്‍ ബസ്സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്
ദുബായ് പോര്‍ട്ട് റഷീദില്‍ നിന്നു ഫെബ്രുവരി 5 നു ഈ കപ്പല്‍ അബുദാബിക്ക് യാത്ര തിരിക്കും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പുസ്തകം