
ദുബായ് : എമിറേറ്റിലെ വിദ്യാർത്ഥികൾക്കായി ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കി.ദുബായിലെ വിദ്യാർത്ഥികളുടെ ക്യാംപസ് ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും യാത്രകൾ കൂടുതൽ സുഗമവും സാമ്പത്തിക നേട്ടം ഉള്ളതും ആക്കുവാനും ലക്ഷ്യമിട്ട് കൊണ്ടാണ് വിവിധ സാങ്കേതിക സംവിധാനങ്ങൾ ഒരുമിപ്പിച്ച് ‘ദുബായ് സ്റ്റുഡന്റ് കാർഡ്’ പുറത്തിറക്കിയത്.
വിദ്യാർത്ഥികളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ, നോൽ പൊതു ഗതാഗത സേവനങ്ങൾ, ആഗോള തലത്തിലെ സവിശേഷ ഇളവുകൾ എന്നിവ ഒരൊറ്റ കാർഡിൽ സമന്വയിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
കാമ്പസുകൾക്കുള്ളിലെ ഔദ്യോഗിക ഐഡന്റിറ്റി കാർഡായി ഇത് പ്രവർത്തിക്കും. അതോടൊപ്പം ദുബായ് ബസ്സ്, മെട്രോ, ട്രാം തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിൽ 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് നേടി യാത്ര ചെയ്യാനും യു. എ. ഇ. യിൽ ഉടനീളമുള്ള വിവിധ സേവന ദാതാക്കളിൽ നിന്നും പ്രമുഖ വ്യാപാരികളിൽ നിന്നും പ്രതി ദിന ഓഫറുകൾ നേടാനും സഹായിക്കും.
മാത്രമല്ല ഈ കാർഡ് കൈവശമുള്ള വിദ്യാർത്ഥി കൾക്ക് വിദേശ യാത്രകളിലും ഭക്ഷണ-വിനോദ മേഖലകളിലും സവിശേഷ ആനുകൂല്യങ്ങൾ ലഭിക്കും.
നൂറ്റി മുപ്പതോളം രാജ്യങ്ങളിലായി ഒന്നര ലക്ഷത്തിൽ അധികം ആനുകൂല്യങ്ങൾ ‘ന്യൂ ദുബായ് സ്റ്റുഡന്റ് കാർഡ്’ ഹോൾഡേഴ്‌സിനെ കാത്തിരിക്കുന്നു എന്നും ദുബായിലെ ദൈനം ദിന ജീവിതത്തിലേക്ക് പൊതു ഗതാഗതത്തെ ഉൾക്കൊള്ളാൻ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ സംരംഭം കൂടുതൽ ശക്തിപ്പെടുത്തും എന്നും സേവന ദാതാക്കളായ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
ആർ. ടി. എ. യോടൊപ്പം നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി, ദുബായ് ഇൻ്റർ നാഷണൽ അക്കാദമിക് സിറ്റി, ദുബായ് നോളജ് പാർക്ക്, ഇൻ്റർ നാഷണൽ സ്റ്റുഡൻ്റ് ഐഡൻ്റിറ്റി കാർഡ് അസോസി യേഷൻ എന്നിവയുമായി സഹകരിച്ച് കൊണ്ടാണ് ദുബായ് സ്റ്റുഡൻ്റ് കാർഡ് പുറത്തിറക്കിയത്. അന്താ രാഷ്ട്ര തലത്തിൽ പ്രഗല്‌ഭരായ പ്രതിഭകളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന ആഗോള വിദ്യാഭ്യാസ കേന്ദ്രമായി ദുബായിയെ നില നിർത്താൻ ഇത് സഹായിക്കും എന്നും പ്രതീക്ഷിക്കുന്നു.
Image Credit : Dubai R T A
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, emirates-identity, കുട്ടികള്‍, ഗതാഗതം, ദുബായ്, നിയമം, ബഹുമതി, വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം





























