ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളികളും മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞ കോടതി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ദാരിദ്ര്യം കൊണ്ടാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്നത്. ഒരു തൊഴിലില്‍ ഏര്‍പ്പെടാനുള്ള സാങ്കേതിക പരിശീലനം ലഭിച്ചാല്‍ ശരീരം വില്‍ക്കാതെ തന്നെ സ്വന്തം ജീവിതോപാധി സ്വയം കണ്ടെത്താന്‍ അവള്‍ പ്രാപ്തയാകും. ലൈംഗിക തൊഴിലാളിയെ സമൂഹം താഴ്ത്തി കാണാതെ സഹാനുഭൂതി കാണിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഭരണഘടനയുടെ 21ആം വകുപ്പ് പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി.
1999 സെപ്റ്റംബറില്‍ ചായായ് റാണി എന്ന ഒരു ലൈംഗിക തൊഴിലാളിയെ വധിച്ച ബുദ്ധദേവ് കര്മാസ്കര്‍ എന്നയാളുടെ ജീവപര്യന്തം തടവ് ശിക്ഷയ്ക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്. ഹീനമായ ഒരു കൊലപാതകമാണിത്. ലൈംഗിക തൊഴിലാളി ആണെന്നത് കൊണ്ട് അവരെ ഉപദ്രവിക്കാനോ വധിക്കാനോ ആര്‍ക്കും അവകാശമില്ല എന്നും കോടതി പറഞ്ഞു.
മഹാനായ ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായയുടെ നോവലുകളായ ദേവദാസിലെ ചന്ദ്രമുഖി, ശ്രീകാന്തിലെ രാജ്യലക്ഷ്മി എന്നിങ്ങനെ സ്വഭാവ മഹിമയുള്ള ലൈംഗിക തൊഴിലാളികളെ പറ്റി പരാമര്‍ശിച്ച കോടതി മഹാനായ ഉര്‍ദു കവി സാഹിര്‍ ലുധ്യാന്‍വിയുടെ പ്രശസ്തമായ “ജിനെ നാസ് ഹൈ ഹിന്ദ് പര്‍ വോ കഹാം ഹൈ” എന്ന ഗാനത്തില്‍ ലൈംഗിക തൊഴിലാളികളുടെ സാമൂഹിക അവസ്ഥയെ പറ്റി വര്‍ണ്ണിച്ചതും ഓര്‍മ്മിപ്പിച്ചു.