തിരുവനന്തപുരം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി പുറപ്പെട്ട പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ കളിയിക്കാവിളയില്‍ പോലീസ് തടഞ്ഞു. പാര്‍ട്ടിയുടേയും പോലീസിന്റേയും വിലക്ക് വക വെയ്ക്കാതെ ആയിരുന്നു ജനകീയ സമര വേദിയിലേക്ക് ജനനായകന്‍ പുറപ്പെട്ടത്. എന്നാല്‍ രാവിലെ പത്തരയോടെ കളിയിക്കാവിളയിലെത്തിയ വി. എസിനോട് ക്രമസമാധന പ്രശ്നം മുന്‍ നിര്‍ത്തി യാത്രയില്‍ നിന്നും പിന്മാറുവാന്‍ തമിഴ്‌നാട് പോലീസ് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങിയ വി. എസ്. താന്‍ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും 400 ദിവസം പൂര്‍ത്തിയാക്കിയ കൂടംകുളം സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനാണ് പോകുന്നതെന്നും വ്യക്തമാക്കി.
ആണവ കരാറിനെ എതിര്‍ത്ത പാര്‍ട്ടിയുടെ ഒരു എളിയ പ്രവര്‍ത്തകന്‍ ആണെന്നും, തമിഴനെന്നോ മലയാളിയെന്നോ വിവേചനമില്ലാതെ ലോക ജനതയുടെ സമാധാനത്തിനു വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടക്കുന്ന സമരത്തിനു നേരിട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ സാധിക്കാത്തതില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും വി. എസ്. പറഞ്ഞു. സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം മടങ്ങി.
കൂടംകുളം വിഷയത്തില്‍ ആണവ നിലയത്തിനു അനുകൂലമായ സി. പി. എമ്മിന്റെ നിലപാടില്‍ നിന്നും വ്യത്യസ്ഥമായിട്ടാണ് വി. എസ്. ജനകീയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതും സമര പന്തല്‍ സന്ദര്‍ശിക്കുവാന്‍ ഒരുങ്ങിയതും. വി. എസിന്റെ യാത്ര പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കമ്മറ്റിയോഗങ്ങളില്‍ ആണവ നിലത്തിനെതിരെ ഉള്ള വി. എസിന്റെ നിലപാട് ചര്‍ച്ചയായേക്കും.