തിരുവനന്തപുരം: പിറവം മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ അനൂപ് ജേക്കബ് എം. എല്‍.എ ആയി സത്യ പ്രതിജ്ഞ ചെയ്തു. രാവിലെ 9.30നു നിയമസഭാ ചോംബറില്‍ സ്പീക്കറുടെ മുമ്പാകെ ആയിരുന്നു അനൂപിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങ് കാണുവാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും അണികളും എത്തിയിരുന്നു. സത്യ പ്രതിജ്ഞയ്ക്കു ശേഷം സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്തനും ഉള്‍പ്പെടെ ഉള്ളവരെ നേരിട്ടു കണ്ട് സൌഹൃദം പുതുക്കി. സഭയിലെത്തിയ പുതിയ അംഗത്തെ മന്ത്രിമാരും എം.എല്‍.എ മാരും അഭിനന്ദിച്ചു.
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാനുമായിരുന്ന ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്നായിരുന്നു പിറവത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്. ജേക്കബിന്റെ മകനും പാര്‍ട്ടി യുവജനവിഭാഗം നേതാവുമായ അനൂപിനെ യു. ഡി. എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സി. പി. എം നേതാവും മുന്‍ എം. എല്‍. എയുമായ എം. ജെ. ജേക്കബ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരത്തില്‍ 12070 വോട്ടിനാണ് അനൂപ് സി. പി. എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിനു സഭയില്‍ പ്രാധിനിധ്യം ആയി. അനൂപിനെ മന്ത്രിയാക്കും എന്ന് യു. ഡി. എഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു. അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്തു തന്നെ ഉണ്ടാകും എന്നാണ് സൂചന.