
അച്ചടക്കലംഘനത്തിന്റെ പേരില്‍ 2009ലാണ് വി. എസിനെ പി. ബിയില്‍ നിന്ന് പുറത്താക്കിയത്. ഇത്തവണ വി. എസിനെ തിരിച്ചെടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാല്‍ വി. എസ്. കേന്ദ്രകമ്മിറ്റിയില്‍ തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ. കെ. ശൈലജ പുതിയതായി കേന്ദ്രകമ്മിറ്റിയില്‍ ഇടം നേടി. സി. സിയില്‍ അംഗമാകുന്ന കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ വനിതയാണ് ശൈലജ. എം. സി. ജേസെഫൈന്‍, പി. കെ. ശ്രീമതി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് വനിതാ സി. സി. അംഗങ്ങള്‍. കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വച്ച് സി. പി. എം. സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ ശൈലജ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ പരാജയപ്പെട്ടു. പ്രായാധിക്യം, രോഗം എന്നിവ മൂലം മുതിര്‍ന്ന നേതാക്കളായ ആര്. ഉമാനാഥ്, മുഹമ്മദ് അമീന്, എന്‍. വരദരാജന് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായതായി പ്രകാശ് കാരാട്ട് അറിയിച്ചു.