Sunday, January 1st, 2012

മലയാള സിനിമ 2011

പ്രതീക്ഷയും പുതുമയും പതിവു പാഴും

ബി. അബൂക്കറിനെ(മാരെ) പോലെ സിനിമയുടെ പ്രൊഡക്ഷന്‍ മുതല്‍ പ്രേക്ഷകനില്‍ വരെ വര്‍ഗ്ഗീയത തിരയുന്ന ചില ക്ഷുദ്ര ചിന്തകരെ മാറ്റി നിര്‍ത്തിയാല്‍ സാമാന്യ ആസ്വാദകരെ സംബന്ധിച്ച് 2011 മലയാള സിനിമയില്‍ വ്യത്യസ്ഥമായ പല പരീക്ഷണങ്ങള്‍ക്കും വേദിയായ വര്‍ഷമാണ്. വര്‍ഷാദ്യത്തില്‍ റിലീസ് ചെയ്ത “ട്രാഫിക്“ എന്ന ചിത്രം മലയാള സിനിമയുടെ ഗതിയെ തിരിച്ചു വിട്ട ഒന്നായി മാറി. ചില ക്ഷുദ്രചിന്തകര്‍ ഒഴികെയുള്ളവര്‍ മലയാള സിനിമയിലെ ഈ പുതു തരംഗത്തെ അംഗീകരിക്കുകയും ചെയ്തു.

malayalam-movie-traffic-epathram

രാജേഷ് പിള്ളയെന്ന സംവിധായകന്റെ പ്രഥമ സംരംഭം “ട്രാഫിക്” പ്രേക്ഷരെ ഒട്ടും നിരാശരാക്കിയില്ല. ഒരു ത്രില്ലിങ്ങ് മൂഡ് ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താനായി. പ്രമേയത്തിന് അനുയോജ്യമാകും വിധം ഒട്ടും ബോറടിപ്പിക്കാത്തതും വേഗതയാര്‍ന്നതുമായ ദൃശ്യങ്ങളും ഒപ്പം കൃത്യതയാര്‍ന്ന സംഭാഷണങ്ങളും‍ ചിത്രത്തെ വേറിട്ടതാക്കി.

ട്രാഫിക്കിന്റെ വിജയം പിന്നീട് അത്തരം പരീക്ഷണങ്ങള്‍ക്കായി മുന്നോട്ടു വന്ന പലര്‍ക്കും ഊര്‍ജ്ജം പകര്‍ന്നു. തുടര്‍ന്ന് വന്ന ചാപ്പാ കുരിശും, സിറ്റി ഓഫ് ഗോഡും, അര്‍ജ്ജുനന്‍ സാക്ഷിയും, ബ്യൂട്ടിഫുളുമെല്ലാം മലയാള സിനിമയില്‍ വ്യത്യസ്ഥതയുടെ ദൃശ്യാനുഭവങ്ങളായി.

chappa-kurishu-epathram

വേറിട്ട പരീക്ഷണമെന്ന നിലയില്‍ ഉറുമിയെ കാണാമെങ്കിലും ദൃശ്യപ്പൊലിമക്കപ്പുറം മികവു പുലര്‍ത്തുവാന്‍ സംവിധായകനും ക്യാമറാമാനുമായ സന്തോഷ് ശിവനായില്ല. സമൂഹം നിശ്ചയിച്ച പ്രായത്തിനപ്പുറം നില്‍ക്കുന്ന പ്രണയത്തിന്റെ സാദ്ധ്യതകളെ കുറിച്ച് പ്രണയം എന്ന ചിത്രത്തിലൂടെ ബ്ലസ്സി മലയാളി പ്രേക്ഷനെ ഓര്‍മ്മിപ്പിച്ചു.

pranayam-epathram

കമലിന്റെ “ഗദ്ദാമ“ വീട്ടു ജോലിക്കാരുടെ ദുരിതങ്ങളിലേക്ക് ക്യാമറ തിരിച്ചപ്പോ‍ള്‍ അത് യാഥാര്‍ത്ഥ്യത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യാനുഭവമായി. കഥയിലെ പ്രണയത്തിനു പുതുമയില്ലെങ്കിലും പ്രമേയാവതരണം കൊണ്ട് സാള്‍ട്ട് ആന്റ് പെപ്പര്‍ വ്യത്യസ്ഥമായി. ആദാമിന്റെ മകന്‍ അബു അംഗീകാരങ്ങള്‍ ഏറെ വാരിക്കൂട്ടി.

salt-and-pepper-epathram

തൊട്ടു മുമ്പത്തെ വര്‍ഷം പ്രാഞ്ച്യേട്ടനും പാലേരി മാണിക്യവും ഒരുക്കിയ രഞ്ജിത്തിന്റെ “ഇന്ത്യന്‍ റുപ്പി” പക്ഷെ പ്രമേയം ആവശ്യപ്പെടുന്ന തലത്തിലേക്ക് ഉയര്ന്നില്ല.

director-ranjith-epathram

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയിച്ച ചിത്രങ്ങളുടെ പുറകെ പോകുവാനുള്ള ഒരു ശ്രമം കഴിഞ്ഞ വര്‍ഷവും കണ്ടു. രതി നിര്‍വ്വേദത്തിന്റെ രണ്ടാം വരവ് ശ്വേതാ മേനോന്റെ പ്രായമായ മേനിക്കൊഴുപ്പിലൂടെ തിയേറ്ററിലേക്ക് ആളെ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു.

ഹിറ്റു ചാര്‍ട്ടില്‍ സീനിയേഴ്സ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍, മേക്കപ്പ് മാന്‍ തുടങ്ങി പതിവു മസാലക്കൂട്ട് ചിത്രങ്ങള്‍ തന്നെയാകും ആദ്യം ഇടംപിടിക്കുക എങ്കിലും പുതിയ ദൃശ്യാഖ്യാനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ട്രാഫിക്കിന്റേയും, ചാപ്പാ കുരിശിന്റേയും വിജയങ്ങള്‍ സൂചിപ്പിക്കുന്നു.

ഉള്‍ക്കാമ്പുള്ള പ്രമേയവുമായി വന്ന മേല്‍‌വിലാസം പോലെ ഉള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടു എന്നത് ദൌര്‍ഭാഗ്യകരമായി പോയി. ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈനാ ടൌണ്‍ പോലുള്ള “അക്രമങ്ങള്‍” വന്‍ കളക്ഷന്‍ ഉണ്ടാക്കിയെങ്കിലും അറു ബോറായ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പരാജയം സമ്മാനിച്ചു കൊണ്ട് അര്‍ഹിക്കുന്ന മറുപടി നല്‍കുന്നതില്‍ പ്രേക്ഷകന്‍ പരാജയപ്പെട്ടില്ല.

മമ്മൂട്ടിയുടെ ഡബിള്‍സ്, പൃഥ്‌വി രാജിന്റെ തേജാഭായ് ആന്റ് ഫാമിലി, സുരേഷ് ഗോപിയുടെ കളക്ടര്‍, ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍, കുടുംബ ശ്രീ ട്രാവല്‍സ്‌ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

തിരക്കഥകളില്ലാതെ

മലയാള സിനിമ അഭിമുഖീകരിക്കുന്ന ഗൌരവ പൂര്‍ണ്ണമായ പ്രതിസന്ധിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരക്കഥയില്ല എന്നതു തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ സിനിമകളെ നിരീക്ഷിക്കുമ്പോഴും വ്യക്തമാകുന്നത് മികച്ച സംവിധായകനും താര നിരയും ഉണ്ടായാല്‍ പോ‍ലും തിരക്കഥ തന്നെയാണ് അതിലും വലിയ താരമെന്നാണ്. ജന പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സ്വന്തം രചനകള്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്. പുതിയ തിരക്കഥാ കൃത്തുക്കളെ പ്രോത്സാഹിപ്പിക്കുവാനുള്ള വിമുഖതയും സംവിധാനവും തിരക്കഥയുമെല്ലാം സ്വയം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചില “മെച്ചങ്ങളും” പലരേയും പേന എടുപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി തങ്ങളുടെ തന്നെ പഴയ ചിത്രങ്ങള്‍ പുതിയവയെ നോക്കി കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് കാണാനാകുക. പ്രതിഭകളായ ടി. വി ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് വേണ്ടത്ര നിലവാരത്തില്‍ എത്തുവാനായില്ല. ലെനിന്‍ രാജേന്ദ്രന്‍ തിരഞ്ഞെടുത്ത പ്രമേയം നന്നായിരുന്നു എങ്കിലും തിരക്കഥയുടെ ഔര്‍ബല്യം മകര മഞ്ഞിന്റെ സാധ്യതകളെ ഇല്ലാതാക്കി. വേണ്ടത്ര ഗൃഹപാഠത്തിന്റെ കുറവും ഒപ്പം പ്രതിഭാ ദാരിദ്രവും ഒത്തു ചേര്‍ന്നപ്പോള്‍ പി. ടി. കുഞ്ഞു മുഹമ്മദിന്റെ വീരപുത്രന്‍ ഒരു തിരദുരന്തമായി മാറി. മികച്ച തിരക്കഥയില്ലെങ്കില്‍ സംവിധായകന്‍ നിസ്സഹായനാണെന്ന് സിബി മലയിലിന്റെ വയലിന്‍ എന്ന ചിത്രം അടിവരയിട്ട് ഉറപ്പിക്കുന്നു. ജോഷിയെ പോലെ ഒരു മികച്ച ക്രാഫ്റ്റ്സ്മാനു അടിപതറിയതും തിരക്കഥയില്‍ തെന്നി തന്നെയായിരുന്നു. ഡോ. ഇഖ്‌ബാല്‍ കുറ്റിപ്പുറത്തിന്റെ ബാലാരിഷ്ടതകള്‍ തീരാത്ത തിരക്കഥ സെവനീസ് (സെവന്‍സ്) എന്ന ചിത്രത്തിന്റെ പരാജയത്തില്‍ പ്രധാന പങ്കു വഹിച്ചു. വിപണിയില്‍ ലഭ്യമായ മികച്ച തിരക്കഥകള്‍ വാങ്ങി വായിച്ച് പഠിക്കേണ്ടിയിരിക്കുന്നു കുറ്റിപ്പുറം ഡോക്ടര്‍ എന്ന് പറയാതിരിക്കാനാവില്ല.

ജനപ്രിയ സംവിധായകര്‍ പുറകോട്ട്

sathyan-anthikkad-epathram

സംവിധായകന്‍ എന്ന നിലയില്‍ ഫാസിലും, സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും, ഷാജി കൈലാസും, ജോഷിയുമെല്ലാം പുറകോട്ടു പോകുന്ന കാഴ്ചയാണ് 2011ല്‍ കണ്ടത്. അന്തിക്കാട്ടെ വയല്‍ വരമ്പിലൂടെ മലയളി കുടുംബ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ സത്യന്‍ അന്തിക്കാട് ഇപ്പോള്‍ അതേ വയല്‍ വരമ്പിലൂടെ കാലിടറി പുറകോട്ട് സഞ്ചരിക്കുന്ന കാഴ്ചയാണ് “സ്നേഹവീട്“ എന്ന ചിത്രം കാണിച്ചു തരുന്നത്. ആവര്‍ത്തന വിരസത എല്ലാ അതിരുകളും കടക്കുന്നു ഈ മോഹന്‍ ലാല്‍ ചിത്രത്തില്‍. ഗ്രാമീണ ജീവിതത്തിനു എന്നും ഒരേ താളമാണെന്നുള്ള തെറ്റിദ്ധാരണയോ, കലാകാരനു സംഭവിക്കുന്ന അലസതയോ ആകാം അദ്ദേഹത്തിന്റെ ചിത്രങ്ങളെ മോശമാക്കി ക്കൊണ്ടിരിക്കുന്നത്.

നിലവാരത്തിന്റെ കാര്യത്തില്‍ ഷാജിയുടെ ആഗസ്റ്റ്-15 ഉം പ്രിയന്റെ ഒരു മരുഭൂമിക്കഥ (മാധവന്‍ നായരും ഒട്ടകവും പിന്നെ ഞാനും) എന്നിവ അവരുടെ മുന്‍ ചിത്രങ്ങളേക്കാള്‍ ഏറെ താഴെയാണ്. മമ്മൂ‍ട്ടി നായകനായ ആഗസ്റ്റ്-1 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിച്ച ആഗസ്റ്റ്-15 ബോക്സോഫീസില്‍ പരാജയപ്പെട്ടുവെങ്കില്‍ പ്രിയന്‍ – മോഹന്‍ ലാല്‍ – മുകേഷ് കൂട്ടുകെട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് പ്രേക്ഷകര്‍ ഇപ്പോ‍ളും മരുഭൂമിക്കഥ കാണുവാന്‍ ക്യൂ നില്‍ക്കുന്നുണ്ട്. ചിത്രവും, ചന്ദ്രലേഖയും കണ്ട് മതിമറന്നാസ്വദിച്ച പ്രേക്ഷകര്‍ തീര്‍ച്ചയായും നിരാശപ്പെടാതിരിക്കാന്‍ തരമില്ല.

നിരവധി നല്ല സിനിമകള്‍ സംവിധാനം ചെയ്ത സിബി മലയിലും വയലിന്‍ എന്ന ചിത്രത്തിലൂടെ പല ചുവട് പുറകോട്ട് പോയി. സെവനീസ് (സെവന്‍സ്) എന്ന ചിത്രത്തിലൂടെ ജോഷിയും പ്രേക്ഷകനെ നിരാശനാക്കി. ഫാസില്‍ സംവിധാനം ചെയ്ത “ലിവിങ്ങ് ടുഗതര്‍” പ്രമേയത്തിന്റേയും സംവിധാനത്തിന്റെയും കാര്യത്തില്‍ അമ്പേ പരാജയപ്പെട്ടു. ടി. വി. ചന്ദ്രനെ പോലെ ഒരു സംവിധായകനില്‍ നിന്നും “ശങ്കരനും മോഹനനും” പോ‍ലെ ഗുണമില്ലാത്ത ഒരു ചിത്രം ചലച്ചിത്രാസ്വാദകര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. അടുത്ത കാലത്തായി നിലവാരത്തിന്റെ കാര്യത്തില്‍ പുറകോട്ട് അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ജയരാജ് “ദി ട്രെയ്‌ന്‍” എന്ന ചിത്രത്തിലൂടെ അതിന്റെ വേഗത ഒന്നു കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സിനിമ ഷൂട്ടിങ്ങ് കണ്ട് നിന്നവരുടെ നിലവാരം പോലും പുലര്‍ത്താത്ത സംവിധായക വേഷങ്ങളേയും മലയാള സിനിമക്ക് സഹിക്കേണ്ടി വരാറുണ്ട്. മുഹബത്ത്, ഡബിള്‍സ്, പാച്ചുവും കോവാലനും തുടങ്ങി പാഴുകളുടെ ഒരു നിര തന്നെയുണ്ട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 88 ചിത്രങ്ങളുടെ കൂട്ടത്തില്‍.

ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് കൃഷ്ണനും രാധയും എന്ന പണ്ഡിറ്റ് ചിത്രം പൊട്ടന്മാരായ മലയാളി പ്രേക്ഷകരുടെ പോക്കറ്റില്‍ നിന്നും തന്ത്രപൂര്‍വ്വം പണം പിടുങ്ങിയത്. എന്തു തന്നെ ആയാലും അല്പം വിവാദവും മാധ്യമ സഹകരണവും ഉണ്ടെങ്കില്‍ അമേധ്യം വരെ വില്‍ക്കുവാന്‍ പറ്റിയ വിപണിയാണ് കേരളമെന്ന് നിസ്സംശയം പറയാം.

2011 അത്തരം കാര്യങ്ങള്‍ക്ക് ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു. നാനോ എക്സലും, ആപ്പിള്‍ ഫ്ലാറ്റു തട്ടിപ്പുമെല്ലാം അഭ്യസ്ഥ വിദ്യരെന്ന് അഹങ്കരിക്കുന്ന കേരളീയന്റെ കോടികളാണ് തട്ടിയത്. അപ്പോള്‍ പിന്നെ സിനിമയുടെ രൂപത്തില്‍ വന്ന ഒരു തട്ടിപ്പിനു നിന്നു കൊടുക്കുവാന്‍ മലയാളി മടി കാണിക്കേണ്ടതില്ലല്ലോ.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine