ഷാര്‍ജ: 15000 ത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഒരു അപകടം നടന്നിട്ട് കേസിനൊരു വിധി പറയാന്‍ 26 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് എന്നുമൊരു കളങ്കമായി നിലനില്‍ക്കുന്നു എന്ന് “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും” എന്ന വിഷയത്തെ ആസ്പദമാക്കി “പ്രസക്തി” ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവേ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും e പത്രം കോളമിസ്റ്റുമായ ഫൈസല്‍ ബാവ അഭിപ്രായപ്പെട്ടു.
കമ്പനി മുതലാളിയായ വാറന്‍ ആന്‍ഡേഴ്‌സനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാതക ദുരന്തം നടന്നു മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ നിന്നും സുരക്ഷിതമായി അമേരിക്കയിലേക്ക് കടക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത കക്ഷികള്‍ തന്നെയാണ് ഇന്നും ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു കോടതിക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കാത്ത ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടും, കുറ്റവാളികളെ കൈമാറുന്ന നിയമം ഉപയോഗിച്ചു ഇന്ത്യയിലേക്ക് നിയമാനുസൃതം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഗൌരവമായി ശ്രമിച്ചിട്ടില്ല.
ഇത്തരമൊരു ദുരന്തം ഇനിയും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും എന്ന് ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. “പ്രസക്തി” പോലുള്ള ഓരോ കൂട്ടായ്മയും ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജാഗ്രതയുള്ള ഒരു സമൂഹമാണ് ജനാധിപത്യത്തിന്റെ ഏറ്റവും ആത്യാവശ്യ ഘടകം. ഇത്തരം ചര്‍ച്ചകളിലൂടെ പ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പ്രേരകമായി വര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ജാഗ്രത വളര്ത്തിയെടുക്കുവാനുള്ള വഴി.
കലയ്ക്കും കവിതയ്ക്കും സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്താനും ചിന്തിപ്പിക്കുവാനും സാധിക്കുന്നു. ഭോപ്പാല്‍ ദുരന്തത്തെ കുറിച്ചുള്ള ഈ ചര്‍ച്ചാ വേളയില്‍ യു.എ.ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ഗ്രൂപ്പും, ഒരു സംഘം കവികളും പങ്കെടുത്തത് ഈ ജൈവ ബന്ധത്തിന്റെ സൂചകമാണ്.
ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി സമഗ്രമായി പ്രതിപാദിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. അബ്ദുല്‍ ഖാദര്‍ വിഷയത്തില്‍ ഉടനീളം സര്‍ക്കാര്‍ പ്രകടിപ്പിച്ച അമേരിക്കന്‍ വിധേയത്വത്തെ നിശിതമായി വിമര്‍ശിച്ചു. ഓരോ ഘട്ടത്തിലും സാമാന്യ നീതി നിഷേധിച്ച സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.
ശിവ പ്രസാദ്, അജി രാധാകൃഷ്ണന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു. നവാസ് അദ്ധ്യക്ഷത വഹിച്ചു.
കവി സമ്മേളനത്തില്‍ പ്രമുഖ പ്രവാസ കവികളായ അസ്മോ പുത്തന്‍ചിറ, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ്, ശശി ടി. എ., എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഭോപ്പാല്‍ ദുരന്തത്തെ പ്രമേയമാക്കി ആര്‍ട്ടിസ്റ്റ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ. യിലെ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ രചിച്ചു. നസറുദ്ദീന്‍, ലക്ഷ്മണന്‍, സിന്‍ഡോ, രാജീവ്, മുരുകാനന്ദം, ഷാബു, ഷാഹുല്‍, ഹരീഷ് തച്ചോടി, റോയ് ച്ചന്‍ , ശ്രീകുമാര്‍, അനില്‍ കരൂര്‍, ഹരീഷ് ആലപ്പി, ശശിന്‍സ്, രഞ്ജിത്ത്, കിരണ്‍ എന്നീ ചിത്രകാരന്മാര്‍ പങ്കെടുത്തു.
- ജെ.എസ്.