ഷാര്ജ : അനുഭവങ്ങള്‍ ഒരു സാഹിത്യകാരനെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് മാധ്യമ പ്രവര്ത്തകന്‍ നാസര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു. ലോക സാഹിത്യത്തിന്റെ നെറുകയിലേയ്ക്ക് മലയാളത്തെ ഉയര്ത്തിയ ആ അനശ്വര പ്രതിഭയെ അനുസ്മരിക്കുക എന്നത് മലയാളത്തെ ആദരിക്കുന്നതിനു തുല്യമാണ്. മാസ്സ് ഷാര്ജ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ യാഥാര്ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നതിലുടെ സാമ്പ്രദായികതയ്ക്കും യാഥാസ്ഥിതി കതയ്ക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും, സാര്‍വ ലൌകിക സ്നേഹത്തിന്റെ മഹത്തായ സന്ദേശം പകരുകയുമാണ് ബഷീര്‍ ചെയ്തത്. മനുഷ്യ കുലത്തെ മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്നേഹിക്കണമെന്നു ബഷീര്‍ തന്റെ കൃതികളിലൂടെ നമ്മെ ഉദ്ബോധിപ്പിച്ചു. കള്ളന്റെയും പിടിച്ചു പറിക്കാരന്റെയും മറ്റ് എല്ലാ വില്ലന്‍ കഥാപാത്രങ്ങളുടെയും ഉള്ളിലെ നന്മയുടെ വെളിച്ചമാണ് ബഷീര്‍ കൃതികള്‍ നമുക്ക് പകര്ന്നു തന്നത് എന്ന് നാസ്സര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു.
തുടര്ന്ന് അരവിന്ദന്‍ പണിക്കശ്ശേരി കഥാവിഷ്കാരം നടത്തി. കുമാരനാശാനു ശേഷം മലയാളത്തിന് കിട്ടിയ മഹാ പ്രതിഭയാണ് ബഷീര്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു. “അനര്ഘം നിമിഷം” ബഷീര്‍ ഗദ്യത്തില്‍ എഴുതിയ പ്രണയ കവിതയാണ്. ഏറെ വര്ഷങ്ങള്ക്കു് ശേഷം ഒരു യുവ എഴുത്തുകാരന്‍ മലയാളത്തിലെ പ്രണയ കവിതകള്‍ പുന: പ്രസിദ്ധീകരി ക്കുകയാണെങ്കില്‍ അതിനു ആമുഖമായി കൊടുക്കുക അതിസുന്ദരമായ “അനര്ഘം നിമിഷ” ത്തിലെ വരികളായിരിക്കും എന്ന് അരവിന്ദന്‍ പണിക്കശ്ശേരി അഭിപ്രായപ്പെട്ടു. അത്ര മാത്രം കലാതിവര്തിയാണ് ആ കാവ്യം.
ഷാര്ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, സെക്രട്ടറി നിസ്സാര്‍ തളങ്കര എന്നിവര്‍ സംസാരിച്ചു. മാസ്സ് വൈസ് പ്രസിഡന്റ് ശ്രീപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിനു സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് സ്വാഗതവും, മാസ്സ് ജോ. സെക്രട്ടറി അഫ്സല്‍ നന്ദിയും പറഞ്ഞു. എം. എ. റഹ്മാന്‍ സംവിധാനം ചെയ്ത “ബഷീര്‍ ദി മാന്‍” എന്ന ഡോകുമെന്ററി പ്രദര്ശനവും നടന്നു.
- ജെ.എസ്.
(അയച്ചു തന്നത് : ശ്രീപ്രകാശ്, ഷാര്ജ)