അബുദാബി : അബുദാബി യിലെ സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ മലയാളി സോഷ്യല്‍ഫോറ ത്തിന്‍റെ സഹകരണ ത്തോടെ മലയാളി സമാജത്തില്‍ സംഘടിപ്പിച്ച ഏകദിന സിനിമാ ശില്പ ശാല യില്‍ പ്രശസ്ത കഥാകൃത്തും തിരക്കഥാ കൃത്തും സംവിധായകനുമായ രഘുനാഥ് പലേരി ക്ലാസ്സ് എടുത്തു.
ഇന്ത്യയിലെ ആദ്യ 3ഡി സിനിമ യായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ തിരക്കഥ എഴുതിയ രഘുനാഥ് പലേരി തന്‍റെ സിനിമാ അനുഭവങ്ങള്‍ പങ്കു വെച്ചു. തിരക്കഥാ രചനയുടെ വിവിധ വശങ്ങളും ലളിതമായി വിവരിച്ചു. ക്ലാസ്സില്‍ പങ്കെടുത്ത വരില്‍ ഏറെക്കുറെ എല്ലാവരും സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ ആയിരുന്നു. സിനിമ എന്ന മായിക ലോകത്ത് എത്തി കൈപൊള്ളിയ ചിലര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.
‘ഏതു മേഖല യിലും എന്ന പോലെ സിനിമ യിലും ചിലര്‍ അവരവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തി ക്കുന്നവര്‍ കാണുമെങ്കിലും പരിശുദ്ധമായ ഒരു കലയാണ് സിനിമ എന്നും അതു നാം തിരിച്ചറിയണം’ എന്നും അദ്ദേഹം പറഞ്ഞു.
താരത്തെ കണ്ട് കഥ ഉണ്ടാക്കാതെ കഥ പൂര്‍ത്തിയാക്കിയതിന് ശേഷം താരത്തെ നിശ്ചയിക്കുന്ന രീതിയാണ് പിന്തുടരേണ്ടത് എന്ന് അദ്ദേഹം ഉപദേശിച്ചു. മലയാള സിനിമ പുതുമകള്‍ തേടുന്ന കാലഘട്ടമാണ്. യുവ സംവിധായകര്‍ ധീരമായ പരീക്ഷണ ങ്ങളുമായി മുന്നോട്ടു വരുന്നുണ്ട്. പുതിയ പ്രമേയ ങ്ങളും സംവിധാന ത്തിലെ പരീക്ഷണ ങ്ങളും ആസ്വാദകര്‍ സ്വീകരിക്കുന്നുണ്ട്.
ഇന്ത്യന്‍ സിനിമ യിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദര്‍ മലയാള സിനിമ യില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള ത്തിലെ ഇന്നത്തെ ഈ സാങ്കേതിക മുന്നേറ്റ ത്തിനു കാരണക്കാര്‍ നിര്‍മ്മാതാവും സംവിധായ കനുമായ നവോദയ അപ്പച്ചനും, മകന്‍ ജിജോ യും ആണെന്നും അവരെ മാറ്റി നിറുത്തി മലയാള സിനിമ യുടെ ചരിത്രം എഴുതാന്‍ കഴിയില്ല എന്നും തച്ചോളി അമ്പു, പടയോട്ടം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ സിനിമകളെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ശില്പ ശാല ക്കു മുന്നോടിയായി നടന്ന സ്വീകരണ ചടങ്ങില്‍ മലയാളി സോഷ്യല്‍ഫോറം പ്രസിഡന്‍റ് വക്കം ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്സ് ജോണി ആമുഖ പ്രസംഗം നടത്തി. പരിപാടി യുടെ കോഡിനേറ്റര്‍ ഷാജി സുരേഷ് സ്വാഗതം ആശംസിച്ചു. സോഷ്യല്‍ഫോറം ജനറല്‍ സെക്രട്ടറി നിസ്സാര്‍ കിളിമാനൂര്‍ നന്ദി പറഞ്ഞു.