അബുദാബി : മനുഷ്യ ജീവിതങ്ങള്‍ ആവിഷ്കരിക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു എന്ന് പുരോഗമന കലാ സാഹിത്യ സംഘം വൈസ് പ്രസിഡണ്ടുംഈ വർഷത്തെ വയലാർ അവാർഡ് ജേതാവുമായ അശോകന് ചരുവില്‍. കേരള സോഷ്യല്‍ സെൻ്റർ സാഹിത്യ വിഭാഗവും എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷര ക്കൂട്ടവും സംയുക്തമായി സംഘടിപ്പിച്ച ഏക ദിന സാഹിത്യ ശില്പ ശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഭവങ്ങള്‍ നിരാകരിക്കുക എന്ന തന്ത്രമാണ് ലോകത്തിലെ സാമ്പത്തിക മേധാവികള്‍ സാമാന്യ മനുഷ്യര്‍ക്ക് നേരെ എടുത്തു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തന്ത്രം. അവനെ സ്വന്തം അനുഭവങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി ഏതോ ഒരു മിഥ്യാ ലോക ത്തിലേക്ക് കൊണ്ടു പോയി അവരുടെ ഉപകരണം ആക്കുകയാണ്.
ഇതിനെ പ്രതിരോധിക്കാന്‍ എഴുത്തുകള്‍ കൊണ്ടും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മാത്രമേ സാദ്ധ്യമാവുകയുള്ളൂ. ഇന്നത്തെ കാല ഘട്ടത്തില്‍ എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനില്‍ നിന്നും ഭാഷയെ നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തില്‍ അവൻ്റെ അനുഭവങ്ങളെ സ്വാംശീകരിക്കുക എന്നതാണ്.
പ്രവാസ ലോകത്തിരുന്നു കൊണ്ട് കേരളത്തെ നോക്കിക്കാണുമ്പോൾ ഉണ്ടാകുന്ന ഗൃഹാതുരമായ സൗന്ദര്യം ഒരു കാല ഘട്ടത്തില്‍ മലയാള സാഹിത്യ ത്തിൻ്റെ ഗംഭീരമായ ഒരു ചൈതന്യമായി പരിഗണിച്ചിരുന്നു. അത്തരത്തിൽ ഉള്ളവയായിരുന്നു എം. മുകുന്ദൻ്റെ യും ഒ. വി. വിജയൻ്റെയും കാക്കനാടൻ്റെയും എം. പി. നാരായണപ്പിള്ള യുടെയും എല്ലാം രചനകള്‍ എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസ സാഹിത്യം എന്ന രീതിയില്‍ കാണേണ്ട ആവശ്യമില്ലാത്ത ഒരു ആഗോള സ്വഭാവം പ്രവാസ സാഹിത്യത്തിന് കൈ വരിക്കാന്‍ പുതിയ കാലത്ത് കഴിഞ്ഞിട്ടുണ്ട് എന്ന് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.
ലോകങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞ സാഹചര്യ ത്തില്‍ ഇന്ന് പ്രവാസ സാഹിത്യം എന്നതിൻ്റെ രൂപ ഭാവങ്ങളില്‍ ആദ്യ കാലത്തേതില്‍ നിന്നും വളരെയേറെ മാറ്റം സംഭവിച്ചിരിക്കുന്നു.
നാട്ടില്‍ നടക്കുന്നതിനേക്കാള്‍ സജീവമായ സാഹിത്യ ചര്‍ച്ചയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സാമൂഹ്യമായ ഇടപെടലുകളും നടക്കുന്നത് പ്രവാസ ലോകത്താണ് എന്നത് ഏറെ ആഹ്ളാദം പകരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന് കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോവല്‍, കഥ, കവിത, റേഡിയോ, മൈഗ്രേഷന്‍ & മോഡേനിറ്റി എന്നീ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകള്‍ നടന്നു.
അശോകന് ചരുവില്‍, റഫീഖ് അഹമ്മദ്, കുഴൂര്‍ വിത്സന്, കമറുദ്ദീന് ആമയം, കെ. പി. കെ. വെങ്ങര, സര്‍ജു ചാത്തന്നൂര്‍, പി. ശിവ പ്രസാദ്, സ്മിത നെരവത്ത് എന്നിവര്‍ ‘ഒരു നോവല്‍ എങ്ങിനെ തുടങ്ങുന്നു,’ ‘മലയാള കവിതയുടെ ഭൂമിക’, ‘ചെറുകഥ : പ്രമേയത്തി ലേക്കുള്ള വേറിട്ട വഴികള്‍,’ ‘ശബ്ദം സഞ്ചരിച്ച ദൂരങ്ങള്‍’ എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു.
നാല് വിഭാഗമായി നടന്ന ശില്പശാലയിൽ ഇ. കെ. ദിനേശൻ, ഐ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്റർമാരായിരുന്നു.
രമേഷ് പെരുമ്പിലാവ്, പ്രിയ ശിവദാസ്, റഷീദ് പാലക്കൽ, അസി, ഹമീദ് ചങ്ങരംകുളം, എം. സി. നവാസ്, മുഹമ്മദലി എന്നിവർ നോവലും കഥയും കവിതയും അവതരിപ്പിച്ചു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, ബഹുമതി, സംഘടന, സാംസ്കാരികം, സാഹിത്യം