അബുദാബി: സാമ്രാജ്യത്വ ശക്തികള്‍ക്കോ പണാധിപത്യത്തിനോ എഴുത്തുകാരെ സൃഷ്ടിക്കാനാവില്ലെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ടി. കെ. രാമകൃഷ്ണന്‍ പുരസ്കാര സമര്‍പ്പണം അബുദാബിയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് യൂനിയന്‍ നിലവിലുള്ളപ്പോള്‍ മാക്സിം ഗോര്‍ക്കിയും സൊഡൊക്കൊയും ഉയര്‍ന്നു വന്നു. എന്നാല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സര്‍വ്വതന്ത്ര സ്വതന്ത്രമായ ആ രാജ്യത്തു നിന്ന് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കവിയോ നോവലിസ്റ്റോ ഉണ്ടായിട്ടില്ല. കഥയില്ലാത്ത സംസ്കാരമില്ലാത്ത ധാര്‍മ്മികതയില്ലാത്ത അരാജകത്വം ബാധിച്ച ഒരു തലമുറയാണ് ഇന്ന് ആ രാജ്യത്ത് വളര്‍ന്നു വരുന്നത്.
പാബ്ളൊ നെരൂദയും പിക്കാസൊയും കമ്മ്യൂണിസ്റ്റായിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് കമ്മ്യൂണിസം തടസ്സമായിരുന്നില്ല. എന്നാല്‍ ഇന്ന് എഴുത്തുകാരനേയും കലാകാരനേയും ഇടതുപക്ഷത്തിനെതിരെ തിരിക്കാന്‍ ചില പത്ര മാധ്യമ മുതലാളിമാര്‍ ശ്രമിക്കുകയാണ്. ഇടതുപക്ഷ എഴുത്തുകാരെ തിരസ്കരിക്കുവാനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നു.
ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് സാമ്പത്തിക സഹായവും സ്ഥാനമാനങ്ങളും നല്‍കി വിലക്കെടുക്കാമെന്നാണ് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത്.
പഴയ അന്ധകാരത്തിലേയ്ക്ക് തള്ളാന്‍ മാത്രം നിലവാരമുള്ള കൃതികള്‍ ഉണ്ടാവുകയും അതിന് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന കുത്സിത ശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ സര്‍ഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ് നല്ല എഴുത്തുകാരെ സൃഷ്ടിക്കാനുള്ള ഒരു ദൌത്യമാണ് അബുദാബി ശക്തി അവാര്‍ഡിലൂടെ ശക്തി തിയറ്റേഴ്സ് ചെയ്തു വരുന്നത്. ഇത് സമൂഹത്തെ മുന്നോട്ട് നയിക്കാനുതകുന്ന സര്‍ഗ്ഗാത്മകതയാണ്.
അധ:സ്ഥിതരെന്നു മുദ്ര കുത്തി ക്ഷേത്രത്തിനടുത്തു കൂടി വഴി നടക്കാന്‍ കഴിയാത്ത കാലം നമുക്കുണ്ടായിരുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ മാറ്റങ്ങളുടെ നാഴികക്കല്ലായി മാറി. മാറു മറയ്ക്കാനുള്ള അവകാശം നേടിയതും, കല്ലുമാല പൊട്ടിച്ചെറിയാനും കഴിഞ്ഞത് ഇത്തരം പോരാട്ടങ്ങളിലൂടെയാണ്. ഈ മുന്നേറ്റങ്ങളേയും നേട്ടങ്ങളേയും കരി വാരി തേക്കാനാണ് ചിലര്‍ ശ്രമിച്ചു വരുന്നത്. ഇതിനായി സാഹിത്യത്തേയും പത്ര വാരികകളേയും ചിലര്‍ ഉപയോഗിച്ചു വരുന്നുവെന്ന് പിണറായി ആരോപിച്ചു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കപ്പെട്ടിരുന്ന അബുദാബി ശക്തി അവാര്‍ഡ് സമര്‍പ്പണത്തിനു ഇതാദ്യമായാണ് അബുദാബി ആതിഥ്യമരുളിയത്.
അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യു. എ. ഇ. യുടെ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തി.
പ്രൊഫ. എം. കെ. സാനു, ഡോ. ബി. സന്ധ്യ കജട, പ്രൊഫ. പാപ്പുട്ടി, ഡോ. പി. എസ്. രാധാകൃഷ്ണൻ, മേലൂര്‍ വാസുദേവൻ, ടി. പി. വേണുഗോപാല്‍, വിപിൻ, ഡോ. ആരിഫലി കൊളത്ത്ക്കാട്ട് എന്നീ അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.
എം. കെ. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസുഫലി, എൻ. എം. സി. ഗ്രൂപ്പ് ഗ്ളോബല്‍ ഓപ്പറേറ്റിങ്ങ് മാനേജര്‍ പ്രമോദ് മാങ്ങാട്, ജെമിനി ബില്‍ഡിങ്ങ് മറ്റീരിയല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ടി. ആര്‍. അജയന്‍, ഒ. വി. മുസ്തഫ, മൂസ മാസ്റ്റര്‍, എം. ആര്‍. സോമൻ, കൊച്ചുകൃഷ്ണൻ, രഘുനാഥ് ഊരുപൊയ്ക, എൻ. ഐ. മുഹമ്മദ് കുട്ടി, വിജയന്‍ കൊറ്റിക്കല്‍, എം. യു. വാസു, വി. പി. കൃഷ്ണകുമാര്‍, രമണി രാജന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അവാര്‍ഡ് കമ്മിറ്റി സംഘാടക സമിതി ചെയര്‍മാന്‍ എൻ. വി. മോഹനന്‍ സ്വാഗതവും ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് പി. പദ്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗോപാലകൃഷ്ണ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു.
(അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ശക്തി തിയേറ്റഴ്സ്, സാഹിത്യം