അബുദാബി: ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ് ആയി തോമസ് വര്‍ഗീസും ജനറല്‍ സെക്രട്ടറി ആയി രമേഷ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്‍റ് ആവുന്നത്.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പണിക്കര്‍ മുന്‍ കാലങ്ങളിലും ഐ. എസ്. സി. യില്‍ ആ പദവി വഹിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. രാജാ ബാലകൃഷ്ണനാണ്. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ ട്രഷററായി സുരേന്ദ്രനാഥും അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു.
ലിറ്റററി സെക്രട്ടറിയായി ദേവകുമാര്‍ വി. നായരും എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി സാം ഏലിയാസും അസി. എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി എം. എന്‍. അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. അസി. ട്രഷററായി എച്ച്. ശങ്കര നാരായണനും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സി. സത്യ ബാബുവും അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ആസിഫും ഓഡിറ്ററായി പി. എസ്. ജേക്കബും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്. അതില്‍ ആയിരത്തി ഒരു നൂറോളം പേരാണ് ജനറല്‍ ബോഡിയില്‍ സംബന്ധിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യു. എ. ഇ. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആത്തിഫ് അത്ത, അഹമ്മദ് ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നത്. ബാസിന്‍ കോണ്‍സേറെ ചീഫ് പോളിങ്ങ് ഓഫീസറായിരുന്നു.
- ജെ.എസ്.